വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കണം: ഇൻഫാം
1574163
Tuesday, July 8, 2025 10:21 PM IST
കണ്ണൂർ: വന്യമൃഗങ്ങളെ വനത്തിനുള്ളിൽ സംരക്ഷിക്കാനും കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാനും ആയിരം കോടി മാറ്റിവയ്ക്കാൻ സർക്കാർ തയാറാകണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ഫാ.ജോസഫ് കാവനാടി. ഇൻഫാം ജില്ലാ ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ബജറ്റിൽ നീക്കിവയ്ക്കുന്ന നാമമാത്ര തുക നഷ്ടപരിഹാരത്തിനു പോലും തികയാറില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കിടമത്സരം മൂലം പാവപ്പെട്ട കർഷകരുടെ ജീവനാണ് ബലി കൊടുക്കേണ്ടിവരുന്നത്. കർഷകരുടെ സ്വത്തിനും ജീവനും യാതൊരു വിലയും കല്പിക്കാതെ വന്യമൃഗശല്യം കേരളമാകെ സംഹാര താണ്ഡവമാടുന്പോൾ ശാശ്വത പരിഹാരം കാണാനാകാതെ സർക്കാരും വനം വകുപ്പും ഇരുട്ടിൽ തപ്പുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വന നിയമങ്ങൾ ഭേദഗതി ചെയ്യുക, പ്രതിരോധ സംവിധാനത്തിന് ആയിരം കോടി അനുവദിക്കുക,പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജനകീയ സമിതികൾ രൂപീകരിക്കുക, നഷ്ടപരിഹാര തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ യോഗം തീരുമാനിച്ചു. ഇൻഫാം ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. ഇൻഫാം ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് വിഷയാവതരണം നടത്തി.
സണ്ണി തുണ്ടത്തിൽ, ഉണ്ണിക്കൃഷ്ണൻ ചുഴലി, ജോസ് തോണിക്കൽ, ടോമി വടക്കേക്കുരിക്കാട്ട്, ഷാജി തെക്കേക്കര, ടോമി ചക്കാലക്കുന്നേൽ, ആന്റണി ജീരകത്തിൽ, ലാലിച്ചൻ കുഴിയാത്ത്, കുര്യാക്കോസ് പുതിയിടത്ത്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.