തലശേരി എൻജിനിയറിംഗ് കോളജിനെ മികവിന്റെ കേന്ദ്രമാക്കി ഉയർത്തും
1573892
Tuesday, July 8, 2025 1:19 AM IST
കണ്ണൂർ: തലശേരി എൻജിനിയറിംഗ് കോളജിനെ കിഫ്ബി സഹായത്തോടെ ഗവേഷണം, ഇന്നവേഷൻ, എൻജിനിയറിംഗ്, മാനേജ്മെന്റ് എന്നീ മേഖലകളിൽ മികവിന്റെ കേന്ദ്രമാക്കി ഉയർത്തുന്നതിനുള്ള നടപടികൾക്കു തുടക്കമായി. ഇതുസംബന്ധിച്ച് തയാറാക്കിയ കൺസെപ്റ്റ് നോട്ട് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ അധ്യക്ഷതയിൽ സ്പീക്കറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിന് കേപ്പ് അധികൃതരെ ചുമതലപ്പെടുത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ആധുനിക ലോജിസ്റ്റിക്സ് സാങ്കേതിക വിദ്യകൾ എന്നീ മേഖലകളിൽ വിദ്യാർഥികൾക്ക് മികച്ച പ്ലേസ്മെന്റ് ഉറപ്പാക്കും. പശ്ചാത്തല വികസനമുൾപ്പെടെ 50 കോടി രൂപയുടെ പ്രൊപ്പോസൽ കിഫ്ബി സഹായത്തോടെ നടപ്പാക്കും.
കൂടാതെ തൊഴിൽ വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെഎഎസ്ഇ) മുഖേന സ്കിൽ ഡെവലപ്മെന്റിന് പ്രോജക്ട് ആവിഷ്കരിക്കുന്നതും ആലോചിക്കും. ഈമാസം 25 ന് വീണ്ടും യോഗം ചേർന്ന് കിഫ്ബിക്ക് പ്രോപ്പോസൽ സമർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കേപ്പ് ഡയറക്ടർ ഡോ. താജുദീൻ അഹമ്മദ്, ജോയിന്റ് ഡയറക്ടർ ഡോ. എസ്. ജയകുമാർ, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, സഹകരണ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായ എം. കുഞ്ഞുമോൻ, എസ്.കെ. അർജുൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.