കൂട്ടുപുഴയിൽ എംഡിഎംഎ വേട്ട; രണ്ടുപേർ അറസ്റ്റിൽ
1573621
Monday, July 7, 2025 1:24 AM IST
ഇരിട്ടി: കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴ പോലീസ് ചെക്കു പോസ്റ്റിൽ എംഡിഎംഎയു മായി രണ്ടുപേർ അറസ്റ്റിൽ. കർണാടകയിൽനിന്നു കാറിൽ കടത്തിക്കൊണ്ടുവന്ന 17.753 ഗ്രാം എംഡിഎംഎയുമായി വളപട്ടണം സ്വദേശികളായ കെ.വി. ഹഷീർ (42 ), വി.കെ. ഷമീർ (38 ) എന്നിവരെയാണ് ഇരിട്ടി എസ്ഐ കെ. ഷറഫുദ്ദീനും സംഘവും കണ്ണൂർ റൂറൽ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ വാഹന പരിശോധനയിൽ പിടിയിലാകുന്നത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ഒന്പതോയോടെയാണ് ബംഗളൂരുവിൽനിന്നും കാറിൽ മയക്കുമരുന്നുമായി വരുന്നതിനിടെ ഇരുവരും പിടിയിലാകുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മയക്കുമരുന്ന് കടത്തിയത് കാറിന്റെ രഹസ്യ
അറയ്ക്കുള്ളിൽ ഒളിപ്പിച്ച്
പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തവിധം പിൻഭാഗത്തെ സീറ്റിന് അടിയിലെ രഹസ്യഅറയിൽ ഒളിപ്പിച്ചിരുന്ന എംഡിഎംഎ ആണ് പോലീസ് കണ്ടെടുത്തത്. മയക്കുമരുന്ന് തൂക്കുന്നതിനുള്ള ചെറിയ ഇലട്രോണിക് ത്രാസ്, ഗ്ലാസ് ട്യൂബുകൾ, ഹെവി ഡ്യൂട്ടി ലൈറ്റർ എന്നിവയും രഹസ്യ അറയിൽ ഉണ്ടായിരുന്നു.
വാഹനത്തിന്റെ സീറ്റ് അഴിച്ചു നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രഹസ്യഅറയിൽ എംഡിഎംഎ ഉൾപ്പെടെ കണ്ടെത്തിയത്. ബംഗളൂരുവിൽ നിന്നാണ് പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. പരിശോധനാ സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ദീപു , സിവിൽ പോലീസ് ഓഫീസർ ആദർശ്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവരും ഉണ്ടയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.