400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് പുനഃപരിശോധിക്കണമെന്ന് കർമസമിതി
1573624
Monday, July 7, 2025 1:24 AM IST
ശ്രീകണ്ഠപുരം: നിർദിഷ്ട കരിന്തളം- വയനാട് 400 കെവി പവർ ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് സ്ഥലവും മറ്റും നഷ്ടപ്പെടുന്ന കർഷകർക്കായി മന്ത്രി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് അശാസ്ത്രീ യമാണെന്നും ചുളുവിലക്ക് കർഷകരുടെ സ്ഥലം ഏറ്റെടുക്കാനുള്ള ശ്രമമാണെന്നും ശ്രീകണ്ഠപുരത്ത് ചേർന്ന കർമ്മസമിതി യോഗം ആരോപിച്ചു.
മലയോരത്തെ ഭൂമിയുടെ ന്യായവില വളരെ കുറവായതിനാൽ നൂറുകണക്കിന് ആളുകൾക്ക് തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക. വീടുകൾക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരവും നാമ മാത്രമാണ്. ലൈൻ കടന്നുപോകുന്നതുമൂലം വസ്തുക്കളുടെ വിനിമയ മൂല്യം കുറയുക വഴി ഉണ്ടാകുന്ന അപരിഹാ ര്യമായ നഷ്ടം സർക്കാർ കണക്കിലെടുത്തില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
നഷ്ടപരിഹാരത്തുക സ്ഥലത്തിന്റെ വിപണിമൂല്യമനുസരിച്ച് ഉയർത്തണമെന്നും പ്രഖ്യാപിച്ച പാക്കേജ് പുനഃ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎമാരുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രിയെ വീണ്ടും സമീപിക്കാനും ഈ ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം നടത്തുന്നതിനും യോഗം തീരുമാനിച്ചു. യോഗം സജീവ് ജോസഫ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, മിനി ഷൈബി, ജോജി കന്നിക്കാട്ട്, കർമസമിതി ഭാരവാഹികളായ ടോമി കുമ്പിടിയമാക്കൽ, ബെന്നി പുതിയാംപുറം, സോജൻ കാരാമയിൽ, ജയിംസ് കണിച്ചാർ, ജോസഫ് മുണ്ടിയാനി തുടങ്ങിയവർ പ്രസംഗിച്ചു.