കരിന്തളം-വയനാട് 400 കെവി ലൈനിന് പകരം സോളാർ പദ്ധതി നടപ്പിലാക്കണം: കേരള കോൺഗ്രസ് -എം
1573890
Tuesday, July 8, 2025 1:19 AM IST
കണ്ണൂർ: കേരളത്തിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിന് കേന്ദ്ര സർക്കാരിന്റെ ഗ്യാരണ്ടിയിൽ ജർമൻ ബാങ്കിൽ നിന്ന് 1000 കോടിയിലധികം രൂപ വായ്പയെടുത്ത് കർഷകർക്ക് കൃഷിയും കൃഷി സ്ഥലവും നഷ്ടപ്പെടുത്തി സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന കരിന്തളം-വയനാട് 400 കെവി പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി കേന്ദ്ര സർക്കാർ സബ്സിഡിയും മറ്റു ആനുകൂല്യങ്ങളും നൽകുന്ന സോളാർ പദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന്
കേരള കോൺഗ്രസ് -എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.കേന്ദ്രസർക്കാർ 78,000 രൂപ സബ്സിഡിയും ദേശസാൽകൃത ബാങ്കുകൾ ആറുശതമാനം പലിശ നിരക്കിൽ വായ്പ നൽകിയും രാജ്യത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണാൻ പി.എം. സൂര്യ ഘർ പദ്ധതി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
എന്നാൽ അതിനു ശ്രമിക്കാതെ സോളാർ വൈദ്യുതി ഇടപാടുകാർക്ക് അപ്രായോഗികവും കേരളത്തിന്റെ വൈദ്യുതി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമായ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ കരട് ചട്ടം സോളാർ വ്യവസായത്തെ തകർക്കുകയാണ്.
കടുത്ത വേനൽക്കാലത്ത് വൻ തുക മുടക്കി പുറത്തുനിന്ന് വൈദ്യുതി വാങ്ങുമ്പോൾ കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 125 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സോളാർ സ്രോതസുകളിൽ നിന്ന് ലഭിച്ചത്. മാത്രമല്ല സോളാർ പദ്ധതിയിലൂടെ കേരളത്തിലേക്ക് എത്തേണ്ട ആയിരം കോടി രൂപയുടെ സബ്സിഡിയും, 500 കോടിയുടെ ജിഎസ്ടിയും 5000 കോടിയുടെ സോളാർ വ്യവസായവും, പതിനായിരക്കണക്കിന് തൊഴിലവസരവും നഷ്ടമാകും.
കർഷകന് വലിയ കൃഷിനാശവും സാമ്പത്തിക നഷ്ടവും വരുത്തി 400 കെവി ലൈൻ വലിക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. കോടികളുടെ നഷ്ടം വരുത്തി 400 കെവി ലൈൻ വലിക്കാൻ ശ്രമിക്കുന്നതിനെതിരേ കേരള കോൺഗ്രസ് -എം ശക്തമായ സമരം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, ജോസ് ചെമ്പേരി, ജോബിച്ചൻ മൈലാടൂർ, കെ.ടി. സുരേഷ് കുമാർ, തോമസ് മാലത്ത് തുടങ്ങിവർ പ്രസംഗിച്ചു.