"എന്റെ പ്രിയ മുഖ്യമന്ത്രീ...ഭയമാകുന്നു,' പോലീസിനെതിരേ നടപടി ആവശ്യപ്പട്ട് മുഖ്യമന്ത്രിക്ക് എഴുത്തുകാരന്റെ പരാതി
1574164
Tuesday, July 8, 2025 10:21 PM IST
കണ്ണൂർ: റോഡ് മുറിച്ചുകടക്കാൻ കഴിയാതിരുന്ന വയോധികനെ റോഡ് മുറിച്ചുകടത്തി കൊടുക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് ഒന്നു സഹായിച്ചു കൂടെ എന്നു ചോദിച്ച വിരോധത്തിൽ എസ്ഐ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി മാനസികമായി പീഡിപ്പിക്കുകയും മദ്യപാനിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് പരാതി. എഴുത്തുകാരനും വ്യാപാരിയുമായ ഇയ്യ വളപട്ടണമാണ് വളപട്ടണം എസ്ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരാതിക്കാസ്പദമായ സംഭവം.
റോഡ് മുറിച്ചു കടക്കാൻ വിഷമിച്ച വയോധികനെ റോഡ് കടത്തി കൊടുക്കുന്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട് ഒന്നു സഹായിച്ചു കൂടെ എന്നു ചോദിച്ചപ്പോൾ എന്റെ ഡ്യൂട്ടി അതല്ല, ഞാൻ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് പോകുന്ന ഗവർണറുടെ സുരക്ഷാ ഡ്യൂട്ടിയിലാണെന്ന് പറഞ്ഞ് തട്ടിക്കയറുകയും എസ്ഐ വിളിപ്പിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയുമായിരുന്നു. മദ്യലഹരിയിൽ പോലീസിനോട് തട്ടിക്കയറി ഡ്യൂട്ടി തടസപ്പെടുത്താൻ ശ്രമിച്ചെന്ന കേസ് ചുമത്തി ആറുമാസം ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
ജീവിതത്തിൽ ഇന്നു വരെ മദ്യപിക്കാത്ത തന്നെ മദ്യപനായി ചിത്രീകരിക്കാനാണ് എസ്ഐയും അവിടെയുള്ള ചില പോലീസുകാരും ശ്രമിച്ചത്. തന്നെ അറിയാവുന്ന പോലീസ് സുഹൃത്തുക്കൾ താൻ മദ്യപിക്കാത്ത വ്യക്തിയാണെന്ന് എസ്ഐയെ അറിയിച്ചപ്പോഴും അംഗീകരിക്കാൻ തയാറായില്ല. ആധാർ കാർഡ് ആവശ്യപ്പെട്ടപ്പോൾ കൈയിലില്ലെന്ന് പറഞ്ഞപ്പോൾ ആധാർ കൈവശം വയ്ക്കാത്തതിന് കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി.
ഫോൺ പിടിച്ചുവാങ്ങുന്നതിനിടെ ഒരു സുഹൃത്തിനോട് വിവരം പറയാനായതിനാലാണ് കള്ളക്കേസിൽ കുടുങ്ങാതെ രക്ഷപ്പെട്ടത്. ഇക്കാര്യം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യാമായിരുന്നെങ്കിലും മുഴുവൻ പോലീസ് സേനയുടെയും സർക്കാരിന്റെയും പ്രതിച്ഛായ മങ്ങുമെന്നതിനാലാണ് അക്കാര്യം ചെയ്യാതിരുന്നത്. ഇവിടത്തെ സിസ്റ്റം എത്ര നന്നാക്കാൻ ശ്രമിച്ചാലും നന്നാകാൻ വിടില്ല എന്നു തീരുമാനിക്കുന്ന ഒരു വിഭാഗം പോലീസുകാരുണ്ട്.
ഞാൻ പറയുന്നത് കേൾക്കാനുള്ള സാവകാശം പോലും പോലീസുകാർ കാണിച്ചില്ല. ഒരു മനുഷ്യനോട് പോലും കടുപ്പിച്ചു സംസാരിക്കാൻ പോലും കഴിയില്ല എന്നു തിരിച്ചറിഞ്ഞതു കൊണ്ട്. എസ്ഐ ടെസ്റ്റ് എഴുതാതെ മടങ്ങി വന്ന ഒരാളാണ് ഞാൻ. ഒരു മണിക്കൂറോളം സ്റ്റേഷനിൽ വച്ച് ഹൃദ്രോഗികൂടിയായ എന്നെ എസ്ഐയുടെ നേതൃത്വത്തിൽ ചില പോലീസുകാർ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. അറിയാവുന്ന ചില പോലീസുകാരും സിപിഎം ലോക്കൽ സെക്രട്ടറി ഷക്കീൽ ഉൾപ്പെടെയുള്ളവരും ഇടപെട്ടതിനാലാണ് മദ്യപാനകുറ്റത്തിൽനിന്നും രക്ഷപ്പെട്ടത്. അവരോട് എന്റെ സ്നേഹം അറിയിക്കുന്നു. മരിക്കുന്നതുവരെ ഇവരെ മറക്കില്ല. തിരക്കിന്റെ ഇടയിലും എനിക്ക് വേണ്ടി അവർ സംസാരിച്ചല്ലോ.
സ്റ്റേഷനിലുള്ള പോലീസുകാരൊക്കെ ഒരു കൊലപാതകിയോട് പെരുമാറുന്നത് പോലെ അത്രയ്ക്ക് രൂക്ഷമായിട്ടാണ് പെരുമാറിയത്. എനിക്ക് ആ പോലീസുകാരോട് ദേഷ്യമല്ല തോന്നിയത്.., സങ്കടമാണ്. ഇങ്ങനെയുള്ളവരിൽനിന്ന് എന്ത് നീതി നിർവഹണമാണ് സമൂഹത്തിനു ലഭിക്കുക. ഇവരിൽ നിന്നും എന്തു നീതിയാണ് സമൂഹം പ്രതീക്ഷിക്കേണ്ടത്. പരാതി കൊടുത്താൽ പോലീസുകാർ പലരീതിയിലും എന്നെ കേസിൽ കുടുക്കും എന്നു എന്റെ പോലീസ് സുഹൃത്ത് പറയുകയുണ്ടായി.
അവരിൽനിന്നു തുടർന്നുണ്ടായേക്കാവുന്ന കേസുകൾ എന്നെ ഭയപ്പെടുത്തുന്നുണ്ട്. എന്റെ പ്രിയ മുഖ്യമന്ത്രീ.. ഭയമാകുന്നു...സർക്കാരിന്റെ മുഖമായാണ് എന്നെപ്പോലെയുള്ളവർ പോലീസിനെ കാണുന്നത് .അതുകൊണ്ട് തന്നെ, എന്റെ അനുഭവം മേലിൽ ആർക്കുമുണ്ടാകാതിരിക്കാൻ നടപടി ഉണ്ടാകണം. ആർക്കെതിരെയെങ്കിലുമുള്ള ശിക്ഷാ നടപടികൾ അല്ല, പകരം ഭരണകൂടത്തിന്റെ മർദനോപാധിയാണ് പോലീസ് എന്ന തോന്നൽ മാറ്റാൻ ആവശ്യമായ നടപടികൾ എടുക്കാൻ വികസന കേരളത്തിന്റെ നായകൻ എന്ന നിലയിൽ അങ്ങയുടെ സർക്കാർ ഇടപെടണം എന്നാണ് അപേക്ഷയെന്നും പരാതിയിലുണ്ട്.