കരുവഞ്ചാലിലെ പൊതു ശൗചാലയം പ്രവർത്തനക്ഷമമാക്കണം
1574172
Tuesday, July 8, 2025 10:21 PM IST
കരുവഞ്ചാൽ: നടുവിൽ പഞ്ചായത്ത് ടൗണിൽ പാലത്തിന് സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പൊതുശൗചാലയം ഉടൻ പ്രവർത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്സ് എൻവയോൺമെന്റ് മിഷൻ തളിപ്പറമ്പ് മേഖലാ കമ്മറ്റി പൊതുജനങ്ങളിൽ ഒപ്പുകൾ ശേഖരിച്ച് ഹർജി സജീവ് ജോസഫ് എംഎൽഎക്ക് കൈമാറി.
നടുവിൽ പഞ്ചായത്ത് അധികാരികളുടെ കെടുകാര്യസ്ഥതയുടെ ഫലമായി മൂന്നുവർഷത്തോളമായി ഇതിനുവേണ്ടി നിർമിച്ച കെട്ടിടം കാടുപിടിച്ച് അനാഥാവസ്ഥയിലാണ്. കരുവഞ്ചാൽ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജോലിക്കാർ, ഓട്ടോ ടാക്സി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, യാത്രക്കാർ ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾക്ക് പ്രയോജനകരമാകുന്ന ഈ പദ്ധതി പൂർത്തീകരിക്കാത്ത പക്ഷം ജനകീയവും നിയമപരവുമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കുമെന്ന് എൻഎച്ച്ആർഇഎം ഭാരവാഹികൾ പറഞ്ഞു. ഒപ്പുശേഖരണ കാമ്പയിന് ജെയ്സൺ ഡൊമിനിക്, ബേബി അഗസ്റ്റിൻ, അൻവർ കരുവഞ്ചാൽ എന്നിവർ നേതൃത്വം നൽകി.