ഒന്നരക്കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ
1573535
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള റെയ്ഡിൽ ഒന്നര കിലോഗ്രാം കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയായ തൊഴിലാളി അറസ്റ്റിൽ. ശിവാജി ബബൻ കദമിനെയാണ് (42) എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അക്ഷയും സംഘവും അറസ്റ്റ് ചെയ്തത്.
തായത്തെരുവിലെ വാടക ക്വാർട്ടേഴ്സിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്വാർട്ടേഴ്സിൽ നിന്നും 1.458 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണറുടെ സ്ക്വാഡംഗം പി. ഗണേശ് ബാബുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി. ഷനിൽകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്), വി.പി. ഉണ്ണികൃഷ്ണൻ, എ.കെ. സന്തോഷ്, ഷജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ (ഗ്രേഡ്) എൻ. രജിത്ത്കുമാർ, എം.സജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.പി. ഗണേഷ് ബാബു പി.പി. നിഖിൽ, വി.കെ. അശ്വതി എന്നിവരും ഉണ്ടായിരുന്നു.