മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്
1573622
Monday, July 7, 2025 1:24 AM IST
കണ്ണൂർ: ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവാർഡ് ജോൺ കച്ചിറമറ്റത്തിന്. പിഴകിൽ കച്ചിറമറ്റം ഭവനത്തിൽ 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചേരുന്ന യോഗത്തിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അവാർഡ് സമ്മാനിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. യോഗത്തിൽ മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ്, ദീപിക ചീഫ് എഡിറ്റർ റവ. ഡോ. ജോർജ് കുടിലിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ബിഷപ് വള്ളോപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ മാത്യു എം. കണ്ടത്തിൽ, സണ്ണി ആശാരിപറമ്പിൽ, ഡി.പി. ജോസ് എന്നിവർ പ്രസംഗിക്കും.
മലബാറിലെ കുടിയേറ്റ കർഷകരുടെ പ്രശ്നങ്ങളിൽ മുന്നണി പോരാളിയായി സമരങ്ങൾക്ക് നേതൃത്വം നല്കുകയും കുടിയിറക്കിനും കർഷക ദ്രോഹങ്ങൾക്കുമെതിരേ നിരാഹാരം അനുഷ്ഠിക്കുകയും ചെയ്തിട്ടുള്ള കർഷക ബന്ധുവാണ് കച്ചിറമറ്റം. കത്തോലിക്ക കോൺഗ്രസ്, കാത്തലിക് ഫെഡറേഷൻ, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റ്, ചരിത്രകാരൻ, 78 പുസ്തകങ്ങളുടെ രചയിതാവ് എന്നീ നിലകളിൽ സഭയ്ക്കും സമൂഹത്തിനും വേണ്ടി തന്റെ 13 ാം വയസു മുതൽ 75 വർഷക്കാലം ജീവിതം സമർപ്പിച്ച ജോൺ കച്ചിറമറ്റത്തിന്റെ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് അവാർഡ് നല്കുന്നത്.
മലബാർ കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയോടൊപ്പം പാലാ രൂപതയിൽനിന്നും തിരുവിതാംകൂർ മേഖലയിൽ നിന്നും നിരവധി വൈദികരും അല്മായ പ്രേഷിതരും മലബാർ ഭാഗത്ത് ത്യാഗപൂർണമായ സേവനം നടത്തിയിരുന്നു. അവരെയെല്ലാം അനുസ്മരിക്കുന്നതിന് കൂടിയാണ് ഈ അവാർഡ്.