ഇനിയും കാത്തിരിക്കണം ; മങ്കര പാലം പ്രവൃത്തി മന്ദഗതിയിൽ
1573529
Sunday, July 6, 2025 8:06 AM IST
ചപ്പാരപ്പടവ്: ചപ്പാരപ്പടവ് പഞ്ചായത്തിലെ ബദരിയ നഗർ-മങ്കര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മങ്കര പാലത്തിന്റെ പ്രവർത്തി മന്ദഗതിയിൽ. വർഷങ്ങൾക്ക് മുന്പ് പ്രവൃത്തി ആരംഭിച്ച പാലം, അപ്രോച്ച് റോഡ് ഉൾപ്പെടെ 235 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പ്രവൃത്തി ആരംഭിച്ചത്.
1.5 മീറ്ററിൽ രണ്ട് വശത്തും നടപ്പാത, എട്ട് തൂണുകൾ, സുരക്ഷ മതിൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 12.8 കോടി രൂപയ്ക്കാണ് പാലത്തിന് സാങ്കേതികാനുമതി ആയത്. മലയോര മേഖലയിലെ ഒട്ടേറെ ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം മങ്കര വാസികളുടെ ഏറെക്കാലത്തെ പ്രയത്നത്തിനു ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്.
മഴ തടസം, ഒപ്പം അലംഭാവവും
നിലവിൽ പാലത്തിന്റെ പ്രവൃത്തിക്ക് തടസമായി നിൽക്കുന്നത് മഴയാണ്. പാലത്തിന്റെ തൂണുകളുടെയും ബീമുകളുടെയും പണിപൂർത്തിയായതാണ്. പാലത്തിനായി എത്തിച്ച ഇരുമ്പു കമ്പികൾ കാട്ടിൽ കിടന്ന് ദ്രവിക്കുകയാണ്. കഴിഞ്ഞവർഷം ഒന്പത് ബീമുകൾ പുഴയിൽ തന്നെ ഉണ്ടാക്കി വച്ചത് ഉയർത്താൻ സാധിക്കാതെ വന്നതിനെ തുടർന്ന് ശക്തമായ മഴവെള്ളത്തിൽ ചെരിയുകയും ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാവുകയും പിന്നീട് ഇത് നശിപ്പിക്കുകയും ചെയ്തു.
അതിനുശേഷമാണ് പുതിയ ബീമുകൾ ഉണ്ടാക്കുകയും ഇത് തൂണുകളിൽമേൽ ഉയർത്തുകയും ചെയ്തത്. മഴക്കാലം ആരംഭിക്കുന്നതിന് മുന്പ്തന്നെ പാലത്തിന്റെ പ്രവർത്തി മന്ദഗതിയിലാണെന്ന് പ്രദേശവാസികളിൽ നിന്നു പരാതി ഉയർന്നിരുന്നു. പാലത്തിന്റെ കരാറുകാർക്ക് ആവശ്യത്തിന് ജീവനക്കാർ ഇല്ലായെന്നും യന്ത്രസാമഗ്രികൾ പലതും വാടകയ്ക്ക് എടുക്കേണ്ടി വരുന്നതിനാൽ കാലതാമസം നേരിടുന്നതായും നാട്ടുകാർ പറയുന്നു.
ഇപ്പോൾ പാലത്തിന്റെ ഇരുവശവും ഉള്ള അപ്രോച്ച് റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാനാകും. എന്നാൽ, പേരിന് മാത്രം തൊഴിലാളികളെ നിർത്തുകയും കരാറുകാരൻ പ്രവർത്തി നടക്കുന്നുണ്ടെന്ന് കാണിച്ച് നാട്ടുകാരുടെയും അധികാരികളുടെയും കണ്ണിൽ പൊടിയിടുകയും ചെയ്യുന്നതായി ആക്ഷേപമുയരുകയാണ്.