ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിഎംഒ ഓഫീസ് മാർച്ചിൽ സംഘർഷം
1573545
Sunday, July 6, 2025 8:06 AM IST
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പള്ളിക്കുന്ന് വിമൻസ് കോളജിന് മുന്നിൽ നിന്ന് 11.30 ഓടെ ആരംഭിച്ച മാർച്ച് പള്ളിക്കുന്നിലെ ഡിഎംഒ ഓഫീസിന് മുന്നിൽ എത്തിയപ്പോൾ പ്രവർത്തകർ ഗേറ്റ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
പ്രവർത്തകർക്കു നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന് പരിക്കേറ്റു. നിരവധി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റി. മാർച്ചിനിടെ ഏതാനും പ്രവർത്തകർ ഗേറ്റ് മറികടന്ന് അകത്തേക്ക് കയറി.
ഗേറ്റിനു മുകളിൽ വാഴ നാട്ടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ ശ്രമിക്കവെ പോലീസ് വാനിന് മുന്നിൽ കുത്തിയിരുന്ന് മറ്റ് പ്രവർത്തകർ പ്രതിഷേധിച്ചു.
മാർച്ചിനു ശേഷം പ്രവർത്തകർ പള്ളിക്കുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ഇതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ എന്ന മുദ്രാവാക്യമുയർത്തി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, മുഹ്സിൻ കാതിയോട്, ഫർസിൻ മജീദ്, റിൻസ് മാനുവൽ സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, അശ്വിൻ സുധാകർ, മിഥുൻ മാറോളി, അക്ഷയ് പറവൂർ, ജീന ഷൈജു, ശ്രുതി റിജേഷ്, പ്രിനിൽ മധുക്കോത്ത്, രാഹുൽ മെക്കിലേരി, എം.കെ. വരുൺ പ്രീൻസ് പി. ജോർജ്, ജിതിൻ കൊളപ്പ, അമൽ കുറ്റിയാറ്റൂർ, നിധിൻ നടുവനാട്, റിജിൻ രാജ് എന്നിവർ പ്രസംഗിച്ചു.