സ്വകാര്യ ബസ് പണിമുടക്ക് ജില്ലയിൽ പൂർണം
1574175
Tuesday, July 8, 2025 10:21 PM IST
കണ്ണൂർ: ജില്ലയിൽ സ്വകാര്യ ബസുടമകൾ നടത്തിവന്ന പണിമുടക്ക് പൂർണം. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന 800 ഓളം ബസുകളാണ് പണിമുടക്കിയത്. സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ആളുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂർ ഡിപ്പോയിൽ നിന്നാകെ ആറ് അധിക സർവീസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
മയ്യിൽ, ഇരിട്ടി, കൂത്തുപറന്പ്, കോഴിക്കോട് എന്നിവിടങ്ങളിലേക്കായിരുന്നു അധിക സർവീസ്. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് അധിക സർവീസ് ഒന്നും നടത്തിയില്ല. തലശേരി ഡിപ്പോയിൽ നിന്ന് ഇരിട്ടിയിലേക്ക് മാത്രമാണ് നാല് അധിക സർവീസുകൾ നടത്തിയത്. ആലക്കോട്, ശ്രീകണ്ഠാപുരം, പയ്യാവൂർ, ചെറുപുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കൊന്നും കെഎസ്ആർടിസി അധിക സർവീസ് നടത്താത്തത് ജനങ്ങളെ ആകെ വലച്ചു.
ടൂറിസ്റ്റ് ബസുകളും, ഓട്ടോകളും ട്രാവലറിനെയുമെല്ലാം ആശ്രയിച്ച് വലിയ പണം മുടക്കിയാണ് ജോലി സ്ഥലത്തെത്തിയത്. സ്വകാര്യ വാഹനങ്ങൾ കൂടുതലായും നിരത്തിൽ ഇറങ്ങിയപ്പോൾ ഗതാഗതകുരുക്കും രൂക്ഷമായിരുന്നു. ഇതോടെ ഏറെ വൈകിയാണ് ആളുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയത്.