കണ്ണവം ഇളമാങ്കലിൽ വീണ്ടും കാട്ടാനയിറങ്ങി
1573931
Tuesday, July 8, 2025 1:50 AM IST
കൂത്തുപറമ്പ്: കണ്ണവം ഇളമാങ്കൽ ഉന്നതിയിൽ ഇന്നലെ കാട്ടാനകൾ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. പുലർച്ചെ നാലോടെ വീട്ടുപറന്പിലെത്തിയ കാട്ടാനകൾ തെങ്ങുകളും കമുകകളുമാണ് നശിപ്പിച്ചത്. ഈ പ്രദേശത്ത് മൂന്നാം തവണയാണ് കാട്ടാനകളിറങ്ങുന്നത്. കണ്ണവം വനം വന്യജീവി വകുപ്പ് അധികൃതർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ആനകളെ പടക്കം പൊട്ടിച്ചും ബഹളം വച്ചും പന്തം കത്തിച്ചും വനാന്തരങ്ങളിലേക്ക് തുരത്തി.
പാട്യം പഞ്ചായത്ത് അധികൃതർ സംഭവ സ്ഥലം സന്ദർശിച്ചു.ആറ് വീടുകളിലായി 10 കുടുംബങ്ങൾ താമസിക്കുന്ന ഒറ്റപ്പെട്ട പ്രദേശമാണിത്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ സ്ഥലമായതി നാൽ ഉന്നതി നിവാസികൾ ഭീതിയിലാണ്. കഴിഞ്ഞാഴ്ച ഇളമാങ്കലിലെ കൊടന്നോടൻ വിനീഷ്, രതീഷ് എന്നിവരുടെ വീട്ടുപറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്.
പഞ്ചായത്തിലെ വനമേഖലയോട് ചേർന്നു കിടക്കുന്ന ഇളമാങ്കൽ ഉന്നതിയിൽ ഇതുവരെ കാട്ടുപന്നിയുടെയും കുരങ്ങിന്റേയും ശല്യം മാത്രമേ പ്രദേശത്തുകാർ അനുഭവിച്ചിരുന്നുള്ളൂ. ഇപ്പോൾ കൂട്ടമായി എത്തുന്ന കാട്ടാനകൾ വീടുകൾ ആക്രമിക്കുമെന്ന ഭിതിയിലാണ് പ്രദേശവാസികൾ.