സർവകലാശാലയിലേക്ക് എസ്എഫ്ഐ മാർച്ച് ; സംഘർഷം; ജലപീരങ്കി
1574162
Tuesday, July 8, 2025 10:21 PM IST
കണ്ണൂർ: സർവകലാശാലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിൽ പ്രതിഷേധിച്ച് താവക്കരയിലെ സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
ബാരിക്കേഡുകൾ മറികടന്ന് മുന്നേറിയ വിദ്യാർഥികളിൽ ചിലർ സർവകലാശാലയുടെ ഗേറ്റ് ചാടിക്കടന്ന് സർവകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കടന്നെത്തി കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡുകൾ തള്ളിമാറ്റിയതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി സംഘർഷം കൂടിയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സർവകലാശാല കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണറുടെ ഇടപെടലുകളിൽനിന്ന് പിന്മാറുക, വൈസ് ചാൻസലറുടെ ഏകാധിപത്യ നിലപാട് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ വിദ്യാർഥികൾ ഉന്നയിച്ചു. കേന്ദ്രകമ്മിറ്റി അംഗം ബിപിൻരാജ് പായം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. അഖില, കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഋഷിത സി. പവിത്രൻ, സെക്രട്ടറി കെ. പ്രണവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഞ്ജലി സന്തോഷ്, കെ. നിവേദ്, ജോയൽ തോമസ്, സ്വാതി പ്രദീപൻ എന്നിവർ പ്രസംഗിച്ചു.