തെക്കിബസാർ-കക്കാട് റോഡ് ജംഗ്ഷൻ വൺവേ ആക്കുന്നു; ട്രയൽ ആരംഭിച്ചു
1574176
Tuesday, July 8, 2025 10:21 PM IST
കണ്ണൂർ: തളിപ്പറന്പ്-കണ്ണൂർ ദേശീയ പാതയിൽ നഗരത്തിൽ ഏറ്റവും വലിയ ഗതാഗതകുരുക്കിനിടയാക്കുന്ന തെക്കിബസാർ-കക്കാട് ജംഗ്ഷൻ വൺവേ ആക്കാൻ ട്രാഫിക് പോലീസ് തീരുമാനം.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗതക്രമീകരണം ഇന്നലെ വൈകുന്നേരം നടപ്പാക്കി. തീരുമാന പ്രകാരം കണ്ണൂർ ഭാഗത്ത് നിന്ന് കക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലെ ജംഗ്ഷനിൽ നിന്ന് നേരിട്ട് കക്കാട് റോഡിലേക്കുള്ള പ്രവേശനം തടഞ്ഞു.
ഇതിനു പകരം നിലവിലെ ജംഗ്ഷനിൽ നിന്ന് നൂറു മീറ്റർ മുന്നോട്ടു പോയി വലതുഭാഗത്ത് തിരിഞ്ഞ് കക്കാടേക്ക് പോകുന്ന റോഡിലൂടെ കടന്നു പോകണം. ഇതിനായി ഇവിടെയുണ്ടായിരുന്ന ദേശീയ പാതയിലെ ഡിവൈഡറുകൾ ദേശീയ പാത അഥോറിറ്റിയുടെ അനുമതിയോടെ നീക്കം ചെയ്താണ് ഗതാഗത സൗകര്യമൊരുക്കിയത്. പുതിയതെരു ഭാഗത്ത് നിന്ന് കക്കാടേക്ക് പോകേണ്ട വാഹനങ്ങളും ഇതു വഴിയാണ് കടന്നു പോകേണ്ടത്.
കക്കാട് ഭാഗത്ത് നിന്ന് തളിപ്പറന്പ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളെ ജംഗ്ഷനിൽ നിന്ന് യു ടേൺ എടുത്ത് തളിപ്പറന്പ് ഭാഗത്തേക്ക് കടത്തി വിടില്ല. വാഹനങ്ങൾ നേരെ ഗാന്ധി സർക്കിളിലെത്തി ഇവിടെ നിന്ന് താലൂക്ക് ഓഫീസിന് മുൻ വശത്തൂടെ എസ്പിസിഎ റോഡിലേക്ക് പ്രവേശിച്ച് എകെജി ആശുപത്രിക്ക് മുന്നിലെത്തുന്ന വഴിയോ അല്ലെങ്കിൽ സർക്കിൾ ചുറ്റി ദേശീയപാതയിലൂടെ തന്നെയോ കടന്നു പോകണം. വ്യാപാരികൾ, ബസ് ഉടമകൾ,ഓട്ടോറിക്ഷ തൊഴിലാളികൾ, പ്രാദേശിക ജനപ്രതിനിധികൾ എന്നിവരുമായി കൂടിയാലോചിച്ചാണ് നടപടി.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ക്രമീകരണം വിലയിരുത്തിയ ശേഷമായിരിക്കും സ്ഥിരം നടപടികളിലേക്ക് കടക്കുക.