സംസ്ഥാന സര്‍ക്കാര്‍ പൊതുജനാരോഗ്യ മേഖലയെ ബോധപൂര്‍വം തകര്‍ക്കുന്നു: കെ. സുരേന്ദ്രന്
1573933
Tuesday, July 8, 2025 1:50 AM IST
കണ്ണൂര്‍: എല്‍ഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍വം പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനാണ് സർക്കാർ ഇങ്ങനെ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിന് വന്‍കിട സ്വകാര്യ ആശുപത്രികളാണ് സംസ്ഥാനത്ത് ഏതാനും വര്‍ഷങ്ങള്‍ക്കുളളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സ്വകാര്യ മേഖലയെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നത്. മന്ത്രിമാര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോകുന്നില്ല. ഗുരുതരമായ പ്രശ്നമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. ഈ സാഹചര്യത്തിൽ മന്ത്രി വീണാ ജോര്‍ജ് രാജിവയ്ക്കും വരെ പ്രക്ഷോഭം തുടരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ സി. രഘുനാഥ്, പി.കെ. വേലായുധന്, സി. നാരായണന്, യു.ടി. ജയന്തന്, എം. അനീഷ്കുമാര്‍, അര്‍ച്ചന വണ്ടിച്ചാല്‍, അര്ജുന് മാവിലാക്കണ്ടി, അജികുമാര്‍ കരിയില്‍ എന്നിവർ പ്രസംഗിച്ചു.