വിവരാവകാശത്തിന് കൃത്യമായ മറുപടിയില്ല; ജൂണിയർ സൂപ്രണ്ടിന് പിഴയിട്ടു
1573888
Tuesday, July 8, 2025 1:19 AM IST
തളിപ്പറമ്പ്: വിവരാവകാശ നിയമപ്രകാരമുള്ള സമയപരിധിക്കുള്ളിൽ കൃത്യമായ വിവരം നൽകാത്തതിന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ജൂണിയർ സൂപ്രണ്ടായിരുന്ന എ. ജയന് മൂവായിരം രൂപ പിഴയിട്ട് സംസ്ഥാന വിവരാവകാശ കമ്മീഷണർ. ഇപ്പോൾ കണ്ണൂർ കളക്ടറേറ്റിൽ ജൂണിയർ സൂപ്രണ്ടാണ് ജയൻ. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ ടി. കെ. രാമകൃഷ്ണനാണ് പിഴയിട്ടത്. നോട്ടീസ് കിട്ടി 30 ദിവസത്തിനകം പിഴയടച്ച് ചെലാൻ രസീത് സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. പിഴയടച്ചില്ലെങ്കിൽ ഉദ്യോഗസ്ഥന്റെ സ്ഥാപനജംഗമ വസ്തുക്കൾ ജപ്തിചെയ്ത് തുക ഈടാക്കാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ19നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തളിപ്പറമ്പ് കൊളത്തൂരിലെ വി. ഒതേനന്റെ പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. 1943 മുതൽ ഒതേനന്റെ അച്ഛന് കൈവശാവകാശ രേഖയുള്ളതും 1970 മുതൽ നികുതി അടയ്ക്കുന്നതുമായ, ചുഴലി വില്ലേജിൽ കൊളത്തൂർ ദേശത്തിൽ റീസർവേ നമ്പർ 66/1എ1-ൽപെട്ട 4.11 ഏക്കർ ഭൂമി 1991ൽ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് കരസേനയിലായിരുന്ന ഒതേനൻ ഇക്കാര്യം അറിഞ്ഞില്ല. പിന്നീട് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലം വിട്ടുകിട്ടാനാവശ്യപ്പെട്ട് 2002ൽ ഹൈക്കോടതിയെ സമീപിച്ചു.
ഈ കേസിന്റെ ആവശ്യത്തിനാണ് 10 വിവരങ്ങൾ തേടി 2021 ഫെബ്രുവരി 20ന് ഒതേനൻ താലൂക്ക് ഓഫീസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. ചില വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന്, കമ്മീഷനിൽ അപ്പീൽ നൽകിയപ്പോഴും ഹിയറിംഗ് വേളയിലും ജയൻ വ്യക്തമായ മറുപടിയോ വിശദീകരണമോ നൽകിയില്ല.
ഉദ്യോഗസ്ഥൻ വിവരാവകാശ നിയമത്തിന് വില കല്പിക്കുന്നില്ലെന്നതിന്റെ തെളിവാണിതെന്ന് കമ്മീഷണർ കുറ്റപ്പെടുത്തി. തുടർന്നാണ് പിഴയടയ്ക്കാൻ ഉത്തരവിട്ടത്. 2022 വരെ നികുതി സ്വീകരിച്ചതുൾപ്പെടെയുള്ള ഒതേനന്റെ വാദം അംഗീകരിച്ച് ഈ വർഷം ജനുവരി 15ന് മിച്ചഭൂമിയിൽനിന്ന് സ്ഥലം ഒഴിവാക്കി ഹൈക്കോടതിയും ലാൻഡ്സ്ട്രൈബ്യൂണലും ഉത്തരവായിട്ടുണ്ട്.