കണ്ണില്‍ ചോരയില്ലാതെ റവന്യുവകുപ്പ് : എങ്ങോട്ടുപോകുമെന്നറിയാതെ ലക്ഷ്മിയമ്മയും കുടുംബവും
1574167
Tuesday, July 8, 2025 10:21 PM IST
കാസര്‍ഗോഡ്: റവന്യു വകുപ്പിന്റെ പരസ്പരവിരുദ്ധമായ കത്തില്‍ പകച്ചുനില്‍ക്കുകയാണ് കാസര്‍ഗോഡ് നായ്കസ് റോഡില്‍ ഒരു കുടുംബം. 90 വര്‍ഷമായി കുടിയിരിക്കുന്ന ഭൂമിയില്‍നിന്ന് മൂന്നു ദിവസത്തിനകം കുടിയൊഴിയണമെന്നും അല്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസ്.
മാറിപ്പോകേണ്ട സ്ഥലത്തിന്റെ സര്‍വേ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ടെങ്കിലും അങ്ങനെയൊരു സ്ഥലം ഇവര്‍ക്ക് അനുവദിച്ചതിന്റെ രേഖകള്‍ ഫയലില്ലെന്ന് ആര്‍ഡിഒയും പറയുന്നു. ഇല്ലാത്ത സ്ഥലത്തേക്ക് കുടിയൊഴിയാന്‍ ആവശ്യപ്പെടുമ്പോള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുടുംബം അനുഭവിക്കുന്നത് കടുത്ത നീതി നിഷേധമാണ്.
"വില്ലേജ് ഓഫീസീന്ന് കൊണ്ടുവന്ന കടലാസില്‍ പറയുന്നു മൂന്നു ദിവസത്തില്‍ കുടിയൊഴിയണമെന്ന്. ഞങ്ങള്‍ എങ്ങോട്ടാണ് പോകേണ്ടത് ?' സംസാരിക്കുമ്പോള്‍ കണ്ണീര് വാര്‍ക്കുന്നുണ്ട് ഈ വീട്ടിലെ അംഗങ്ങള്‍ ഓരോരുത്തരും. ഭൂമിക്കായി വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം നടക്കുമ്പോഴാണ് റവന്യൂ അധികൃതരില്‍നിന്നും മനുഷ്യത്വ വിരുദ്ധമായ സമീപനം. കാസര്‍ഗോഡ് വില്ലേജിലെ സര്‍വേ നമ്പര്‍ 89/11ല്‍പ്പെട്ട സ്ഥലത്താണ് 92 കാരിയായ ലക്ഷ്മിയമ്മയും മകള്‍ കമലാക്ഷിയും, മകന്റെ ഭാര്യ ചിത്രയും അവരുടെ മൂന്നുമക്കളും കഴിയുന്നത്. പൊളിഞ്ഞു വീഴാറായ വീട് ഒന്ന് പുതുക്കി പണിയാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല. ലക്ഷ്മിയമ്മ കിടപ്പിലാണ്. ഇനിയിപ്പോള്‍ അധികൃതര്‍ കുടിയിറക്കിയാല്‍ കിടപ്പിലായ അമ്മയെയും കൊണ്ട് എങ്ങോട്ട് പോകുമെന്നതില്‍ കുടുംബാംഗങ്ങള്‍ക്ക് നിശ്ചയമില്ല.
കഴിഞ്ഞ അഞ്ചിനാണ് താലൂക്ക് തഹസില്‍ദാര്‍ ഒപ്പുവച്ച നോട്ടീസ് കുടുംബത്തിന് ലഭിച്ചത്. വര്‍ഷങ്ങളായി കുടിയിരിപ്പുള്ള സ്ഥലത്തുനിന്ന് 122/1 പിടി യില്‍പ്പെട്ട സ്ഥലത്തേക്ക് മാറാനാണ് ഉത്തരവ്. എന്നാല്‍, ഇതേ സര്‍വേ നമ്പര്‍ പ്രകാരമുള്ള സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞ് വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്ക് ജൂണ്‍ 28ന് ആര്‍ഡിഒ നല്കിയ മറുപടിയില്‍ ഈ സര്‍വേ നമ്പറില്‍ ലക്ഷ്മിഅമ്മക്ക് ഭൂമി അനുവദിച്ചതിന്റെ രേഖകള്‍ ഫയലില്‍ കാണുന്നില്ലെന്നും പറയുന്നു.
ഭൂരഹിതരായവര്‍ക്ക് അവരുടെ അപേക്ഷ പരിഗണിച്ചാണ് ഭൂമി അനുവദിക്കുന്നത്. എന്നാല്‍, വര്‍ഷങ്ങളായി ഒരിടത്ത് കുടിയറക്കുമ്പോള് അപേക്ഷ പോലും നല്കാതിരിക്കെ എങ്ങനെയാണ് തഹസില്‍ദാരുടെ കത്തില്‍ പരാമര്‍ശിക്കുന്ന സര്‍വേ നമ്പറില്‍ ഭൂമി ലഭിച്ചതെന്നതിലും വ്യക്തതയില്ല. കുടിയിരിപ്പ് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ഈ കുടുംബം ഹൈക്കോടതിയില്‍ കേസ് നടത്തുന്നുണ്ട്. റവന്യുമന്ത്രിക്കും കുടുംബം അപേക്ഷ നല്‍കിയിട്ടുണ്ട്.