അങ്കണവാടിയിൽ ക്രഷ് സംവിധാനമായി
1549427
Saturday, May 10, 2025 5:13 AM IST
കാളികാവ്: ചോക്കാട് കണിയാറപ്പൻപൊയിൽ അങ്കണവാടിയിൽ ക്രഷ് സംവിധാനമായി.എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കാളികാവ് ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ ആദ്യമായാണ് ക്രഷ് സംവിധാനം അങ്കണവാടിയോട് ചേർന്ന് ഏർപ്പെടുത്തുന്നത്.
മൂന്നുമാസമായ കുട്ടികളെ മുതൽ ആറു വയസുവരെയുള്ള കുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന സംവിധാനമാണിത്. കണിയറപ്പൻപൊയിൽ അങ്കണവാടിയിൽ നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ക്രഷ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികളുള്ള അമ്മമാർക്ക് ജോലിക്ക് പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം ചോക്കാട് കണ്ടെത്തിയ സ്ഥലം ഉയരക്കൂടുതലും ചൂടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉള്ളതാണെന്നും കുട്ടികളെ സംരക്ഷിക്കാൻ പറ്റിയ ഇടമല്ലെന്നും എംഎൽഎ പറഞ്ഞു. ക്രഷ് തുടങ്ങുന്നതിന് ആവശ്യമായി രണ്ട് ജീവനക്കാരെയും കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ജനാർദനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വൈദ്യർ റഷീദ, നീലാന്പ്ര സിറാജുദ്ദീൻ, അറക്കൽ സക്കീർ ഹുസൈൻ, മെന്പർമാരായ കെ. ഷാഹിന ഗഫൂർ, കെ.ടി. സെലീന, ഷിജിത മൂച്ചിക്കൽ, ഉമൈബ സുധീർ, സിഡിപിഒ പി. അസ്മാബി, എഎൽഎംഎസ് അംഗം ജയരാജ്, സൂപ്പർവൈസർ ഫാത്തിമ ഷംന എന്നിവർ പ്രസംഗിച്ചു.