എന്റെ കേരളം പ്രദർശന മേളയിൽ ജനശ്രദ്ധ ആകർഷിച്ച് കൃഷിവകുപ്പ് സ്റ്റാളുകൾ
1549422
Saturday, May 10, 2025 5:13 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ ആരംഭിച്ച "എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ട്. കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിലാക്കി നിലവിൽ വന്ന "കതിർ’ ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്ളാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്കുകളും തീം പവലിയനിൽ ഒരുക്കിയിരിക്കുന്നത് സന്ദർശകർക്ക് ഏറെ ഗുണപ്രദമായി.
വിളകളിലെ രോഗ, കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 1500 സ്ക്വയർ ഫീറ്റിൽ കൃഷിവകുപ്പ് മലപ്പുറം ജില്ല ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും പൊതുജനപങ്കാളിത്തം കൊണ്ട് ഉദ്ഘാടന ദിവസം തന്നെ സജീവമായി.
ഹൈഡ്രോ പോണിക്സ് കൃഷിരീതി അതിസാന്ദ്രത കൃഷിരീതി, ആർകെവിവൈ പദ്ധതി പ്രകാരം കയറ്റുമതി ലക്ഷ്യമാക്കിയുള്ള വാഴകൃഷി, വെറ്റിലയിൽ നിന്നുള്ള വൈൻ, സോപ് അഗർബത്തി ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ, മുണ്ടേരി ഫാമിൽ നിന്നുള്ള വിവിധയിനത്തിൽപെട്ട മാങ്ങകൾ എന്നിവയുടെ പ്രദർശനം വിപണനം എന്നിവകൊണ്ട് സ്റ്റാളുകൾ സജീവമാണ്. വിവിധ കാർഷിക ഉത്പന്നങ്ങൾ വാങ്ങാനും സൗകര്യമുണ്ട്.