ഭൂമാഫിയ തോട് കൈയേറിയതായി പരാതി
1549420
Saturday, May 10, 2025 5:13 AM IST
എടക്കര: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തോട് വില്ലേജ് അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയ കൈയേറിയതായി പരാതി. എടക്കര പഞ്ചായത്തിലെ പതിനാറാം വാർഡ് പൊട്ടൻതരിപ്പയിലാണ് ഭൂമാഫിയ തോട് മണ്ണിട്ട് നികത്തി സ്വന്തമാക്കിയത്. എട്ട് ഏക്കറോളം വരുന്ന സ്വകാര്യവ്യക്തിയുടെ ഭൂമി ഇവർ വിലയ്ക്ക് വാങ്ങിയിരുന്നു.
തുടർന്ന് മുന്പ് പാടശേഖരമായിരുന്ന സ്ഥലങ്ങൾ മണ്ണിട്ട് നികത്തുകയും ഇതിനൊപ്പം ഈ ഭൂമിക്ക് നടുവിലൂടെ എടക്കര ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തോട് മണ്ണിട്ട് നികത്തുകയുമായിരുന്നു. വാർഡ് അംഗം അജി സുനിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ രേഖാമൂലം വില്ലേജ് അധികൃതർക്ക് പരാതി നൽകിയതിനെത്തുടർന്ന് ഇന്നലെ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിക്കുകയും തോട് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച വില്ലേജ് സർവേ സംഘം സ്ഥലം അളന്ന് തിട്ടപ്പെടുത്തി തോട് പുനഃസ്ഥാപിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുകരകളിലും കയർ ഭൂവസ്ത്രം വിരിച്ചതും മഴക്കാലത്ത് മംഗലംകുന്ന് മുതലുള്ള വെള്ളം ഒഴുകുന്ന തോടും കൂടിയാണിത്.