നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
1373582
Sunday, November 26, 2023 7:51 AM IST
മഞ്ചേരി: കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വാഴക്കാട് അഴിഞ്ഞില്ലം മുള്ളന്‍പറമ്പത്ത് സുജിത്ത് എന്ന മുത്തുവി (26)നെ കാപ്പ ചുമത്തി ജയിലിലടച്ചു. കക്കാടംപൊയിലിലെ കോഴി ഫാമില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്ന ഇയാളെ ഇക്കഴിഞ്ഞ ദിവസം കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഏറെ സാഹസികമായാണ് പിടികൂടിയത്.
ഇയാളുടെ ആക്രമണത്തില്‍ പോലീസ് സംഘത്തിലെ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മോഷണ കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളുടെ സഹോദരന് സൂരജിനെയും കോഴിഫാമില്‍ വച്ച് പൊലീസ് പിടികൂടിയിട്ടുണ്ട്.
കവര്‍ച്ചാ കേസില്‍ തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായി ഒരു മാസം മുമ്പാണ് സുജിത്ത് മുത്തു ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളുടെ പേരില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി കൊലപാതകം, കൊലപാതക ശ്രമം, ലഹരി കടത്ത്, കവര്‍ച്ച ഉള്‍പ്പെടെ എട്ടോളം കേസുകള്‍ നിലവില്‍ ഉള്ളതായി പോലീസ് പറഞ്ഞു.
മലപ്പുറം പോലീസ് മേധാവി കെ.വി. ശശിധരനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പിയും പ്രത്യേക അന്വേഷണ സംഘവും സ്ഥലത്ത് റെയ്ഡ് നടത്തിയത്.