ലഹരിക്കെതിരെ തീരദേശത്ത് പൊതുജന സമ്പര്‍ക്ക പരിപാടി
1549255
Friday, May 9, 2025 7:38 AM IST
പാറശാല: തീരദേശ മേഖലകളില്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് ലഹരിക്കെതിരെയുള്ള സന്ദേശവുമായി പോലീസ് സംഘടിപ്പിച്ച പൊതുജന ബോധവത്കരണ പരിപാടി ശ്രദ്ധേയമായി.
തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസിന്റെ കീഴിലെ പൂവാര്‍ തീരദേശ പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി.
കാഞ്ഞിരംകുളം, പൊഴിയൂര്‍ , പൂവ്വാര്‍ പോലീസ് സ്റ്റേഷനുകളിലെ ജീവനക്കാരും പരിപാടിക്ക് നേതൃത്വം നല്കി. തിരുവനന്തപുരം റൂറല്‍ ജില്ലാ മേധാവി കെ.എസ്. സുദര്ശനന് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജി അധ്യക്ഷനായി.
സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജയകുമാര്‍, പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് ലോറന്‍സ്, കരിംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജനറ്റ്, എസ്എച്ചുമാരായ കെ. കണ്ണന്, ആസാദ് അബ്ദുല്‍ കലാം, ടി.കെ. മിഥുന്. എസ്ഐമാരായ ആല്ഫിന് റസല്‍, സാജന് തുടങ്ങിയ ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും, മത്സ്യത്തൊഴിലാളികളും, മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികളും, ബോട്ട് ക്ലബ് പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഭാവി നടപടിക്രമങ്ങള്‍ തീരുമാനിക്കുകയും, നിലവിലെ പരാതികള്‍ കേട്ടു പരിഹാരം കാണുന്നതിനുവേണ്ടിയുള്ള നടപടി കൈക്കൊള്ളുകയും ചെയ്തു. അവധിക്കാലങ്ങള്‍ അവസാനിച്ച് സ്കൂള്‍ കോളജുകള്‍ സജീവമാകാന്‍ പോകുന്ന പശ്ചാത്തലത്തില്പോലീസിന്റെ ഭാഗത്തുനിന്നും ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകളും പെട്രോളിംഗുകളും ശക്തിപ്പെടുത്താനും പൊതുജന സമ്പര്‍ക്ക പരിപാടിയിലൂടെ തീരുമാനിച്ചു.