ഉള്ളൂര്‍ തോടിന്റെ കൈവരി തകർന്ന നിലയില്‍
1549239
Friday, May 9, 2025 7:19 AM IST
മെഡിക്കല്‍കോളജ്: ഇടവക്കോടുനിന്നു വന്നു കണ്ണമ്മൂലവഴി വേളി കായലിലേക്കു ചെന്നുചേരുന്ന ഉള്ളൂര്‍ തോട് അപകടാവസ്ഥയില്‍. തോടിന്റെ കൈവരികള്‍ ഇടിയുന്നതാണ് പ്രശ്നത്തിനു കാരണം. ഉള്ളൂര്‍ ഇടറോഡ് ഇതിനു സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. തോടിന്റെ രണ്ടുഭാഗത്തും സമാന്തരമായി റോഡുകള്‍ ഉണ്ട്.
റോഡിലൂടെയുള്ള വാഹനയാത്രികരുടെയും കാല്‍നടയാത്രികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടിയാണ് 300 മീറ്ററോളം നീളത്തില്‍ കൈവരികള്‍ കെട്ടി ഉയര്‍ത്തിയത്. അധികം ഉയരമില്ലാത്ത കൈവരികള്‍ ഇപ്പോള്‍ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയുമാണ്. ഉള്ളൂര്‍ പാലം തുടങ്ങുന്ന ഭാഗത്തുനിന്നു നാലിടങ്ങളിലാണ് കൈവരികള്‍ അപകടാവസ്ഥയിലുള്ളത്.
ഒരു സ്ഥലത്ത് കൈവരി രണ്ടായി മുറിഞ്ഞുമാറിയിരിക്കുന്നു. മറ്റൊരിടത്ത് ഒരുമീറ്ററോളം ദൂരത്തില്‍ കൈവരിയിലെ കരിങ്കല്‍ക്കെട്ട് ഇളകി തോട്ടിലേക്ക് വീണുകിടക്കുന്നു. ഇനിയും രണ്ടിടങ്ങളില്‍ കൈവരിയ്ക്കുള്ളില് നിന്നു കല്ലുകളും സിമന്റും ഉള്‍പ്പെടെ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ആരെങ്കിലും കൈവരിയില്‍ ഇരിക്കുകയാണെങ്കില്‍ ഇതു മറിഞ്ഞുവീണ് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.
കൈവരി കെട്ടിയിരിക്കുന്ന ഭാഗത്തെല്ലാം വന്മരങ്ങള് വളര്‍ന്നു വരികയാണ്. ഇവരുടെ വേരുകള്‍ കയറുന്നതാണ് കൈവരികള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമെന്നാണു സൂചന. കൈവരികള്‍ പുനര്‍നിര്‍മിക്കുകയോ ബലപ്പെടുത്തുകയോ ചെയ്യാത്തപക്ഷം വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും ഭീഷണിയാകും.