കിടപ്പുരോഗിയെ കുത്തിക്കൊലപ്പെടുത്തിയ സഹോദരനു ജീവപര്യന്തം തടവുശിക്ഷ
1548965
Thursday, May 8, 2025 7:13 AM IST
തിരുവനന്തപുരം: കിടപ്പുരോഗിയായ ആൾ കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ ആയ സഹോദരനു ജീവപര്യന്തം കഠിനതടവും 75,500 രൂപ പിഴയും ശിക്ഷ. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) കൊല്ലപ്പെട്ട കേസിലാണ് സഹോദരനും മുൻ വെറ്ററിനറി സർജനുമായ സന്തോഷി(55) നെ ശിക്ഷിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം.
ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവു പുറപ്പെടുവിച്ചത്. 2022 സെപ്റ്റംബർ 24 നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും അതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി മൊഴി നൽകിയിരുന്നു.
റെയിൽവേയിൽ ജോലി ചെയ്യുന്ന സമയത്തു ചുഴലി രോഗം വന്നു സന്ദീപ് കിടപ്പുരോഗിയായി മാറുകയായിരുന്നു. വീടിനോടു ചേർന്ന ഒൗട്ട്ഹൗസിൽ സന്ദീപ് കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു. ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. 2022 ഡിസംബർ 20 നാണ് വർക്കല പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.