സർക്കാർ പ്രസുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ: ജി.സുബോധൻ
1548975
Thursday, May 8, 2025 7:24 AM IST
തിരുവനന്തപുരം: ഇടതുഭരണത്തിൽ സർക്കാർ പ്രസുകൾ അടച്ചുപൂട്ടാനും തസ്തികകൾ മരവിപ്പിക്കാനുമുള്ള ഗൂഢനീക്കം നടക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി ജി. സുബോധൻ പ്രസ്താവിച്ചു.
സർക്കാർ പ്രസുകൾ നിർത്തലാക്കുന്നതിന്റെ ഭാഗമായി അച്ചടി ജോലികൾ സ്വകാര്യ പ്രസുകൾക്ക് എം പാനൽ ചെയ്ത് വിട്ടുകൊടുത്തിരുന്നു. ഏറ്റവും ഒടുവിൽ പിഎസ്സി പരീക്ഷയുടെ ഒഎംആർ ഷീറ്റ് അച്ചടി പോലും സർക്കാർ പ്രസിൽനിന്നും മാറ്റി ഉത്തരവായിരിക്കുന്നു.
രഹസ്യ സ്വഭാവമുള്ള പല അച്ചടി ജോലികളും സർക്കാർ പ്രസിൽനിന്ന് മാറ്റിയതിനാൽ സുതാര്യത നഷ്ടപ്പെട്ടിരിക്കുന്നു. ദിവസേന മൂന്നു ഷിഫ്റ്റുകൾ പ്രവർത്തിപ്പിച്ചിരുന്ന തിരുവനന്തപുരത്തെ സ്റ്റാമ്പ് മാനുഫാക്ടറി പ്രസിൽ ഉൾപ്പെടെ ഇപ്പോൾ ഒരു ജനറൽ ഷിഫ്റ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുന്നത്.
തനിക്കു കീഴിൽ ഇങ്ങിനെയൊരു വകുപ്പുതന്നെ ഉണ്ടോയെന്ന് പിണറായി വിജയന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗവ. പ്രസ് വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിറ്റ് പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അനിൽ കരമന, വൈ. സന്തോഷ്,സന്തോഷ് കുമാർ, വി. ബി ജോൺ, റജി വിത്സൻ, സീന പോൾ, ഷാജി, നുജും, അഞ്ചു എസ്. വിൽഫ്രഡ്, കുമാരി ജൈല, അമൃത എന്നിവർ പ്രസംഗിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന സി. കുമാരി ജൈലയെ ആദരിച്ചു.