ബിഎസ്എന്‍എല്‍ മൊബൈല്‍ ക്രോസ്ടോക്ക് തലവേദനയാകുന്നു
1548967
Thursday, May 8, 2025 7:13 AM IST
പേരൂര്‍ക്കട: ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷനുമായി ബന്ധപ്പെട്ടുള്ള ക്രോസ്ടോക്ക് വിഷയം ഉപഭോക്താക്കൾക്കു തലവേദനയാകുന്നു. 9447, 9446, 9495 സീരീസുകളില്‍ ആരംഭിക്കുന്ന ബിഎസ്എന്‍എല്‍ മൊബൈല്‍ കണക്ഷനുകളിലാണ് ക്രോസ്ടോക്ക് കൂടുതലും സജീവമായിരിക്കുന്നത്. ഔട്ട്ഗോയിംഗ് കോളുകളിലാണ് ഇപ്രകാരം മറ്റുള്ള കോളുകള്‍ കയറിവരുന്നത്. പുറത്തേക്കു വിളിക്കുമ്പോള്‍ ഫോണ്‍ റിംഗ്ചെയ്യുന്നു.
മറുതലയ്ക്കല്‍ കോള്‍ എടുക്കുമ്പോഴാണ് നമ്മള് വിളിച്ചയാളെയല്ല കിട്ടിയിട്ടുള്ളതെന്നു ഉപ ഭോക്താക്കൾക്കു മനസിലാകുന്നത്. വേറെ കോളുകള്‍ കയറിവരുന്നതാണ് പ്രശ്നത്തിനു കാരണം. അതേസമയം ആരെയാണോ വിളിച്ചത് അവര്‍ക്കു കോള്‍ കണക്ടാകുകയും അവര്‍ സംസാരിക്കുകയും ചെയ്യും.
എന്നാല്‍ വിളിച്ചയാള്‍ക്ക് ഈ സംസാരം കേള്‍ക്കാനും സാധിക്കില്ല. പകരം ക്രോസ്ടോക്ക് സംഭാഷണമായിരിക്കും കേള്‍ക്കുന്നത്. കഴിഞ്ഞ ഒരുമാസമായി നിരവധി ബി എസ്എന്‍എല്‍ കസ്റ്റമേഴ്സാണ് ഇപ്രകാരം കെണിയില്പെട്ടുപോയത്. സ്വകാര്യമൊബൈല്‍ കമ്പനികള്‍ താരിഫ് നിരക്കു കൂട്ടിയതോടെ ലക്ഷക്കണക്കിനു പേരാണ് ബിഎസ്എന്‍എല്‍ നമ്പരിലേക്ക് തങ്ങളുടെ കണക്ഷ ന് പോര്‍ട്ട് ചെയ്തത്.
കൂടുതല്‍ കസ്റ്റമേഴ്സ് ബിഎസ്എന്‍എല്ലിലെത്തി ട്രാഫിക് വര്‍ധിച്ചതാണോ ക്രോസ്ടോക്ക് പ്രശ്നം അധികരിക്കാനുള്ള കാരണമെന്നാണു ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ ചോദിക്കുന്നത്. താന്‍ വിളിച്ച നമ്പര്‍ മാറിപ്പോയോ എന്നു കസ്റ്റമേഴ്സിനു തോന്നുന്നവിധമാണ് ക്രോസ്ടോക്കുകള് പുരോഗമിക്കുന്നത്. അബദ്ധത്തില്‍ കോള്‍ മാറിയതാണെന്നു കരുതി ഫോണ്‍ കട്ട് ചെയ്ത് വീണ്ടും അതേ നമ്പരില്‍ വിളിക്കുമ്പോള്‍ യഥാര്ഥവ്യക്തിയെ കിട്ടുകയും ചെയ്യും.
ഞാന്‍ വിളിച്ചപ്പോള്‍ വേറെയാരെങ്കിലുമാണോ ഫോണ്‍ എടുത്തത് എന്നു കസ്റ്റമേഴ്സിന് എതിര്‍കക്ഷിയോട് ചോദിക്കേണ്ടിവരുന്ന അവസ്ഥ ക്രോസ്ടോക്ക് തലവേദന മൂലം ദിനംപ്രതി വര്‍ധിച്ചുവരികയാണ്.