സുരക്ഷയുടെ സൂചനകൾ വിവരിച്ച് ജില്ലയിലെ കേന്ദ്രങ്ങളിൽ മോക്ഡ്രിൽ
1548963
Thursday, May 8, 2025 7:13 AM IST
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനിൽക്കെ ഏതു സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ മോക്ഡ്രിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ കേനന്ദ്രങ്ങളിലും നടന്നു.
മോക്ഡ്രില്ലിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരം നാലിനു തിരുവനന്തപുരത്തു ദുരന്തനിവാരണ അഥോറിറ്റി ആസ്ഥാനത്ത് എയർ റെയ്ഡ് സൈറൻ മുഴങ്ങി. ഇതോടെ വിവിധ സേനാവിഭാഗങ്ങളും സിവിൽ ഡിഫൻസ് വോളന്റിയർമാരും സുരക്ഷാ ഡ്രില്ലിന്റെ ഭാഗമായി.
പ്രധാന ഓഫീസുകൾ, പൊതു ഇടങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലായിരുന്നു അരമണിക്കൂർ നീണ്ട ഡ്രിൽ. അപകടമേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടതെങ്ങനെയെന്നും വീടുകളിൽ സുരക്ഷിതരായിരിക്കേണ്ടത് എങ്ങനെയെന്നും പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കേണ്ടരീതിയും വ്യക്തമാക്കുന്നതായിരുന്നു മോക്ഡ്രിൽ.
തലസ്ഥാനത്ത് സെക്രട്ടേറിയറ്റ് പൂർണമായും പോലീസിന്റെയും അഗ്നിശമന സേനയുടേയും നിയന്ത്രണത്തിലായി. മന്ത്രിമാരുൾപ്പെടെയുള്ളവർക്കും നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകൾ, സർക്കാർ, സ്വകാര്യ ഓഫിസുകൾ, സ്കൂളുകൾ, വീടുകൾ തുടങ്ങി പൊതു ജനങ്ങൾ എത്തുന്ന ഇടങ്ങളിലാണ് മോക്ഡ്രിൽ നടത്തിയത്. വിഴിഞ്ഞത്തും ലുലുമാളിലും ഉൾപ്പെടെ മോക് ഡ്രിൽ നടത്തി.
അരമണിക്കൂർ നീണ്ടു നില് ക്കുന്ന മോക്ഡ്രിൽ ക്ലോസിംഗ് സൈറണ്‍ 4.28ന് മുഴങ്ങി. അപകടമൊഴിവായെന്നും ഇനി സുരക്ഷിതരായി പുറത്തേക്കിറങ്ങാ മെന്നും അറിയിച്ചുകൊണ്ടാണ് 4.28ന് ക്ലോസിംഗ് സൈറണ്‍ മുഴങ്ങിയത്.
ആക്രമണമുണ്ടായാൽ സ്വയം സുരക്ഷ ഉറപ്പാക്കാനുള്ള ബോധവത്കരണമാണ് മോക് ഡ്രില്ലിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിൽ കളക്ടറും ജില്ലാ ഫയർ ഓഫീസർമാരുമാണ് മോക്ഡ്രില്ലിനു നേതൃത്വം നൽകിയത്.