എംഎല്‍എ റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
1549254
Friday, May 9, 2025 7:32 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് എംഎല്‍എ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു. പേരൂര്‍ക്കടയില്‍നിന്ന് കുടപ്പക്കുന്ന് വഴി പാതിരിപ്പള്ളിയിലേക്കും പേരാപ്പൂര് ഭാഗത്തേക്കും ജലമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയതെന്നാണു സൂചന.
എംഎല്‍എ റോഡിലൂടെ ഏകദേശം നാലു പൈപ്പുകള്‍ കടന്നുപോകുന്നുണ്ട്. ഇതില്‍ പ്രിമോ പൈപ്പും ഉള്‍പ്പെടുന്നു. പ്രിമോയാണോ പിവിസി ലൈനാണോ പൊട്ടിയൊഴുകുന്നതെന്നു വ്യക്തമായിട്ടില്ല. ജോയിന്റിലാണ് ലീക്കുണ്ടായതെന്നു കരുതുന്നതായി വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. മൂന്നുദിവസം മുമ്പാണു പൈപ്പ് പൊട്ടിയതെന്നും വാട്ടര്‍ അഥോറിറ്റിയില്‍ അറിയിച്ചിട്ടു നടപടിയുണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.
ആഴ്ചകള്‍ക്കുമുമ്പ് കുടപ്പനക്കുന്ന് ജംഗ്ഷനില്‍ പ്രിമോ പൈപ്പ് രണ്ടുതവണ പൊട്ടി കുടിവെള്ളം പൂര്‍ണമായി മുടങ്ങിയിരുന്നു. അതിനിടെയാണു വീണ്ടുമൊരു പൈപ്പ് പൊട്ടല്‍. ടാറിനു മുകളിലൂടെ ജലം പേരാപ്പൂര് റോഡിലേക്കാണു നിലവില്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് എംഎല്‍എ റോഡ് പൂര്‍ണമായും റീടാര്‍ ചെയ്തത്.
വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ടാര്‍ കട്ട്ചെയ്യുന്നതിനു പി.ഡബ്ല്യുഡിയുടെ അനുമതി ലഭിച്ചിട്ടില്ലെന്നും അതു കിട്ടിയാലുടന്‍ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നും വാട്ടര്‍ അഥോറിറ്റി പേരൂര്‍ക്കട സെക്ഷന്‍ എഇ അറിയിച്ചു.