ദേശീയ മാധ്യമ സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു
1549242
Friday, May 9, 2025 7:19 AM IST
തിരുവനന്തപുരം: ഓഗസ്റ്റ് 20, 21 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സമ്മേളന സംഘാടക സമിതി മുഖ്യരക്ഷാധികാരി മന്ത്രി വി. ശിവൻകുട്ടിയാണ് ലോഗോ പ്രകാശനം ചെയ്തത്. സീനിയർ ജേണലിസ്റ്റ്സ് ഫോറം - കേരള ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ,
വൈസ് പ്രസിഡന്റുമാരായ ടി. ശശി മോഹൻ, ഹരിദാസൻ പാലയിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.പി. ചെക്കുട്ടി, ജേക്കബ് ജോർജ്, പി.പി. അബൂബേക്കർ, എം. സുധീന്ദ്ര കുമാർ, സമ്മേളന സംഘാടക സമിതി ചെയർമാൻ ജോണ്‍ മുണ്ടക്കയം, ജനറൽ കണ്‍വീനർ കരിയം രവി, ജില്ലാ പ്രസിഡന്റ് എം. സരിത വർണ തുടങ്ങിയവർ പങ്കെടുത്തു.
സീനിയർ ജേണലിസ്റ്റ്സ് ഫോറം - കേരളയാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ ദേശീയ സമ്മേളനത്തിന്റെ സംഘാടകർ. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലേറെ മുതിർന്ന മാധ്യമ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു സീനിയർ ജേണലിസ്റ്റ്സ് ഫോറം പ്രസിഡന്റ് അലക്സാണ്ടർ സാമും ജനറൽ സെക്രട്ടറി കെ.പി. വിജയകുമാറും ദേശീയ കോ-ഓർഡിനേറ്റർ എൻ.പി. ചെക്കുട്ടിയും അറിയിച്ചു.