ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ബിരുദദാനം നാളെ
1549238
Friday, May 9, 2025 7:19 AM IST
തിരുവനന്തപുരം: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ 41-ാമത് ബാച്ചിന്റെ ബിരുദദാനവും എട്ടാമത് ജി പാർഥസാരഥി സ്മാരക പ്രഭാഷണവും നാളെ രാവിലെ 9.30നു അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കും.
സീനിയർ റസിഡന്റുമാരുൾപ്പെടെ ബിരുദ/ഡിപ്ലോമാ കോഴ് സുകൾ പൂർത്തിയാക്കിയ 139 വിദ്യാർഥികൾ ബിരുദദാനചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും. ഡിഎം, എംസിഎച്ച്, പിഎച്ച്ഡി, എംപിഎച്ച്, ഡിപ്ലോമ, എംഎസ് കോഴ്സുകൾ പൂർത്തിയാക്കിയവർക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നത്. ഐഎസ്ആർഒ മുൻ ചെയർമാനും ബഹിരാകാശവകുപ്പ് മുൻ സെക്രട്ടറിയുമായ ഡോ.എസ്. സോമനാഥ് മുഖ്യാതിഥിയായിരിക്കും. അദ്ദേഹം ബിരുദദാന പ്രഭാഷണം നടത്തും.
ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലെ എന്റെറിക്, ഡയഗ്നോസ്റ്റിക്സ്, ജീനോമിക്സ് ആൻഡ് എപ്പിഡമോളജി ഡയറക്ടറും ഫരീദാബാദിലെ ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ഗ്യാസ് ട്രോഇന്റസ്റ്റൈനൽ വിഭാഗം മുൻ പ്രഫസറുമായ ഡോ. ഗഗൻദീപ് കാങ് എന്നിവർ പ്രസംഗിക്കും.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഡയറക്ടർ പ്രഫ. ഗോവിന്ദൻ രംഗരാജൻ ജി. പാർത്ഥസാരഥി സ്മാരക പ്രഭാഷണം നടത്തും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ക്രിസ് ഗോപാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു ബിരുദദാനം നിർവഹിക്കുകയും ചെയ്യും.