റേഡിയോ കിയോസ്കും കിണറും ഉദ്ഘാടനം ചെയ്തു
1548979
Thursday, May 8, 2025 7:24 AM IST
നെടുമങ്ങാട്: നഗരസഭ തറട്ട വാർഡിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള റേഡിയോ കിയോസ്ക് പ്രവർത്തന രഹിതമായി നശിച്ച് കൊണ്ടിരിക്കെ കൗൺസിലറും നാട്ടുകാരും ചേർന്ന് നഗരസഭയുടെ സഹായത്തോടെ റേഡിയോ കിയോസ്ക് പുതുക്കി എഫ് എം റേഡിയോ സ്റ്റേഷനാക്കി മാറ്റി. ഇരുമരം-മുഖവൂരിൽ എഫ്എം റേഡിയോ സ്റ്റേഷന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു.
ഇരുമരം ജംഗ്ഷനിലും കാരാന്തയിലും ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള രണ്ടു പൊതുകുടിവെള്ള കിണറുകൾ പുനരുദ്ധരിച്ചു പമ്പ് സെറ്റ് സ്ഥാപിച്ച് മിനി കുടിവെള്ള പദ്ധതിയാക്കിമാറ്റി. ഇരുമരം ജംഗ്ഷനിൽ നശിച്ചു പോയ വെയിറ്റിംഗ് ഷെഡ് പുനരുദ്ധരിച്ച് ഉപയോഗ യോഗ്യമാക്കി. ഈ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പി. ഹരികേശൻ നായർ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. വസന്തകുമാരി, എസ്. അജിത, കൗൺസിലർമാരായ എം.എസ്. ബിനു, ഒ. ഉഷ, വിദ്യവിജയൻ, ബിന്ദു, ശ്രീലത, സിഎസ്ഐ ചർച്ച് അധികാരി പുഷ്പരാജ് എന്നിവർ സംസാരിച്ചു. എഡിഎസ് ചെയർപേഴ്സൺ ജ്യോതിഷ് മതി നന്ദി പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, മികവോടെ വാർഷിക പദ്ധതി പൂർത്തീകരിച്ച നഗരസഭ എൻജിനീയറിംഗ് വിഭാഗം ജീവനക്കാർ സംസ്ഥാന പുഷ്പോത്സവത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ കരുപ്പൂര് സ്വദേശി സതീശൻ എന്നിവരെ മന്ത്രി ആദരിച്ചു. വാർഡിലെ വിവിധ മതസ്ഥാപനങ്ങൾ സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് ഹരിത സർട്ടിഫിക്കറ്റ് നൽകി.