ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കം : മേജർ ഇറിഗേഷൻ വകുപ്പ് നടപടി എടുക്കണം: മനുഷ്യാവകാശ കമ്മീഷൻ
1549236
Friday, May 9, 2025 7:19 AM IST
തിരുവനന്തപുരം: മാലിന്യം നീക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി മരണത്തിനു കീഴടങ്ങിയ ആമയിഴഞ്ചാൻ തോട്ടിൽ വീണ്ടും മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട സാഹചര്യത്തിൽ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ മേജർ ഇറിഗേഷൻ വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് എക് സിക്യൂട്ടീവ് എൻജിനീയർക്കു നിർദേശം നൽകി.
മാലിന്യം നീക്കം ചെയ്തതായി എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പാക്കണം. തോടുശുചീകരിച്ച ശേഷവും മാലിന്യം നിക്ഷേപിച്ചതിന്റെ ഉത്തരവാദിത്തം ആർക്കാണെന്നു നഗരസഭാ സെക്രട്ടറി രേഖാമൂലം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ നിയോഗിച്ചിരിക്കുന്ന രാത്രി സ്ക്വാഡിന്റെ പ്രവർത്തനം നിർത്താനുള്ള കാരണങ്ങളും റിപ്പോർട്ടിലുണ്ടാവണം. രാത്രി സ്ക്വാഡിന് വാഹനം ഉറപ്പാക്കണം. മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള പരിഹാരമാർഗങ്ങളും സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
മാലിന്യം നിക്ഷേപിക്കുന്നത് കാരണം മഴയെത്തും മുന്പേ തന്പാനൂർ വെള്ളപ്പൊക്ക ഭീഷണിയിലാണെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പത്രവാർത്തയിലെ ആരോപണങ്ങൾ കൂടി മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ (ഐജി) നടത്തി വരുന്ന അന്വേഷണപരിധിയിൽ ഉൾപ്പെടുത്താൻ കമ്മീഷൻ നിർദേശിച്ചു.
ഇപ്പോഴും ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതിന്റെ ഉത്തരവാദികൾ, ഏതെങ്കിലും സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ മാലിന്യം നിക്ഷേപിക്കുന്നുണ്ടോ, അപ്രകാരം നിക്ഷേപിക്കുന്നുണ്ടെങ്കിൽ എന്തു നിയമനടപടിയാണു സ്വീകരിക്കേണ്ടത്, മാലിന്യനിക്ഷേപം തടയുന്നതിന് സ്വീകരിക്കേണ്ട പരിഹാരമാർഗങ്ങൾ എന്നിവ അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇടക്കാല റിപ്പോർട്ട് മൂന്നാഴ്ചയ്ക്കകം ഹാജരാക്കാനും കമ്മീഷൻ ഐജിക്കു നിർദേശം നൽകി.