വനം വകുപ്പുമായി കൈകോർത്ത് യുഎസ്ടി
1549240
Friday, May 9, 2025 7:19 AM IST
തിരുവനന്തപുരം: പ്രകൃതി-വന സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, പേപ്പാറ അണക്കെട്ടിനു സമീപം പരുത്തിപ്പള്ളി റേഞ്ചിലുള്ള കുട്ടപ്പാറയിൽ സംഘടിപ്പിച്ച പരിസ്ഥിതി പുനരുജ്ജീവന പദ്ധതിയിൽ പങ്കാളിയായി.
കേരള വനംവന്യജീവി വകുപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി 2500 വൃക്ഷത്തൈകളാണ് നട്ടുപിടിപ്പിച്ചത്. ഇതിലൂടെ പരിസ്ഥിതി പുനരുജ്ജീവനത്തിനായി കേരള വനം-വന്യജീവി വകുപ്പുമായി കൈകോർക്കുന്ന ആദ്യ കമ്പനി എന്ന ബഹുമതിയും യുഎസ്ടി സ്വന്തമാക്കി.
പുനരുജ്ജീവന പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്നതിനു വേണ്ടി പ്രാദേശിക സമൂഹത്തെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പരിസ്ഥിതി പുനരുജ്ജീവനത്തിന്റെ പ്രാധാന്യവും അതുവഴി സമൂഹത്തിനുണ്ടാകുന്ന ഗുണങ്ങളുടെ ബോധവത്കരണത്തിനും വേണ്ടി യുഎസ്ടി വനംവകുപ്പുമായി ചേർന്ന് അവബോധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കും.