പട്ടത്തെ അപകടം: ഡ്രൈവറുടെ ശ്രദ്ധക്കുറവുമൂലമെന്നു പോലീസ്
1548970
Thursday, May 8, 2025 7:13 AM IST
പേരൂര്‍ക്കട: പട്ടം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനു സമീപം ചൊവ്വാഴ്ചയുണ്ടായ അപകടമരണം ബസ്ഡ്രൈവറുടെ ശ്രദ്ധക്കുറവുമൂലമെന്നു പോലീസ്. വിശദമായ അന്വേഷണത്തിനുശേഷമാണ് ഈ കണ്ടെത്തല്‍. കേശവദാസപുരത്തുനിന്നു തിരുവനന്തപുരത്തേക്കുവന്ന കരുനാഗപ്പള്ളി ഡിപ്പോയിലെ ബസിടിച്ച് ബൈക്ക് ഓടിച്ചിരുന്ന മലയിന്‍കീഴ് മേപ്പൂക്കട സ്വദേശി ലൗജിത്ത് (42) ആണ് മരണപ്പെട്ടത്.
ഒപ്പമുണ്ടായിരുന്ന ബന്ധു പരിക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജില്ലാപഞ്ചായത്ത് ഓഫീസിനു സമീപത്തെ സീബ്രാലെയിന് മുറിച്ചുകടക്കാന്‍ ഒരു കാല്നടയാത്രികന് ശ്രമിച്ചു. ഇതിനെത്തുടര്‍ന്ന് ലൗജിത്ത് ബൈക്ക് പെട്ടെന്നു ബ്രേക്ക് ചെയ്തുവെന്നും തുടര്‍ന്നാണ് പിറകേവന്ന ബസ് ബൈക്കിനു പിന്നിലിടിച്ചതെന്നും പോലീസ് അറിയിച്ചു.
ബസ് ഡ്രൈവര്‍ അകലംപാലിക്കാതെ എത്തിയതാണ് പെട്ടെന്നു ബൈക്ക് ബ്രേക്ക് ചെയ്തപ്പോള്‍ ഇടിക്കാന്‍ കാരണമായത്. എന്നാല്‍ ഡ്രൈവറുടെ ശ്രദ്ധക്കുറവിനൊപ്പം വേഗക്കൂടുതലും അപകടത്തിനും മരണത്തിനും ഇടയാക്കി. സംഭവത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെട്ട ഡ്രൈവറും കണ്ടക്ടറും പിന്നീട് പേരൂര്‍ക്കട പോലീസില്‍ കീഴടങ്ങിയിരുന്നു.