അധ്യാപനത്തോടൊപ്പം കൃഷിയെയും ചേർത്തു പിടിച്ചൊരു കുടുംബം
1548964
Thursday, May 8, 2025 7:13 AM IST
ആർ സി ദീപു
നെടുമങ്ങാട്: അഞ്ചു പതിറ്റാണ്ടിലേറെയായി അധ്യാപനത്തോടൊപ്പം കൃഷിയെയും ജീവിതത്തോടു ചേർത്തു പിടിച്ച കർഷകനാണ് കണിയാർകോണം ജോസ് കോട്ടേജിൽ ഡി. സത്യ ജോസ്. വീടിനോടു ചേർന്നുള്ള സ്ഥലത്തു തെങ്ങ്, വാഴ, കുരുമുളക്, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, ഫലവൃക്ഷങ്ങൾ, ഔഷധ സസ്യങ്ങൾ തുടങ്ങിയവ കൃഷി ചെയ്തിരിക്കുന്നു.
ഇവയിൽ പ്രധാനം വാഴ തന്നെ. പാളയം കോടൻ, റോബസ്റ്റ, രസകദളി, സ്വർണമുഖി, പൂവൻ, പൂജാകദളി, കരിങ്കദളി, ചിങ്ങൻ, മട്ടി, ചെങ്കദളി, മൊന്തൻ തുടങ്ങി പത്തിലധികം ഇനങ്ങൾ ഇവിടെ ഉണ്ട്. അതു കഴിഞ്ഞാൽ പിന്നെ പ്രധാനം പച്ചക്കറിയാണ്. കുട്ടിക്കാലത്ത് തുടങ്ങിയ കൃഷിപ്പണി 65 വയസ് പിന്നിടുമ്പോഴും നിറഞ്ഞ സംതൃപ്തിയോടെയാണു ഹെഡ്മാസ്റ്റർ ആയി വിരമിച്ച സത്യജോസ് ചെയ്യുന്നത്.
പ്രധാനാധ്യാപികയായി വിരമിച്ച ഭാര്യ സുജയും, മക്കളും, കൊച്ചുമക്കളും അധ്വാനത്തിൽ പങ്കുചേരുന്നതോടെ ഇവിടെ കൂട്ടായ്മയുടെ വിജയമാകുകയാണ് കൃഷി. കോഴി വളർത്തലും, താറാവ് വളർത്തലും ഒപ്പമുണ്ട്. ഇവയുടെ കാഷ്ടം പച്ചക്കറികൾക്ക് വളമാകും. തികച്ചും ജൈവരീതിയിലുള്ള കൃഷിയാണേറെയും.
പച്ചക്കറി പരമ്പരാഗതമായ നാടൻ ഇനങ്ങൾ സംരക്ഷിച്ച് കൃഷി ചെയ്യുന്നതും ഈ കർഷകന്റെ പ്രത്യേകതയാണ്. കപ്പയുടെ ഇനങ്ങളായ കയ്യാലയാടി, കരിയിലപ്പൊതിയൻ, ഞറുക്ക് തുടങ്ങിയവയും കൂട്ടത്തിൽ ഉണ്ട്. ഇപ്പോൾ പച്ചക്കറി കാലമാണ്. വിളവെടുപ്പിനു പാകമായ വെള്ളരിയും, മീറ്റർ പയറും, വഴുതനയും, ചീരയും, വെണ്ടയുമാണ് ഇപ്പോഴുള്ളത്. വെള്ളരി വള്ളികൾക്കൊപ്പം നിറയെ പൂവിട്ടും കായ്ച്ചും നിൽക്കുന്ന മാലി മുളക് ചെടികൾ അധ്വാനത്തിന്റെ അടയാളങ്ങളാണ്.
വീട്ടുമുറ്റത്തെ ചെടിച്ചട്ടികളിൽ വിളവെടുപ്പിന് പാകമായി നിൽക്കുന്ന ശീതകാല വിദേശ പച്ചക്കറി ഇനമായ ചൈനീസ് കാബേജ് വേറിട്ട കാഴ്ച തന്നെയാണ്. കൂടാതെ ഒരേക്കർ സ്ഥലത്തു മലവേപ്പും കൃഷി ചെയ്തിട്ടുണ്ട്. ഏലം, ചന്ദനം, റംബൂട്ടാൻ, ബയർ ആപ്പിൾ, സീഡ് ലെസ്സ് നാരകം, അവക്കാഡോ, മാങ്കോസ്റ്റിൻ, പീ നട്ട് ബട്ടർ, ഡ്രാഗൺ ഫ്രൂട്ട്, അബിയൂ, പാഷൻ ഫ്രൂട്ട്,
വിവിധയിനം പേര, നെല്ലി, ചെറി, ജാതി, ഞാവൽ, വിവിധയിനം ഒട്ടു മാവുകൾ, മുട്ടപ്പഴം, കച്ചോലം, വയമ്പ്, രാമച്ചം, കരിമ്പ്, മുള്ളാത്ത, കവുങ്ങ് തുടങ്ങി മറ്റനേകം സസ്യങ്ങളും ഈ കൃഷിയിടത്തിൽ കാണാം. നാട്ടിലെ വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങളിലും ഇദ്ദേഹം ഒരു സജീവസാന്നിധ്യമാണ്.
വെള്ളായണി കാർഷിക കോളജിൽ നിന്നുൾപ്പെടെ ധാരാളം പഠിതാക്കൾ ഈ കൃഷിയിടം സന്ദർശിക്കാൻ എത്തുന്നുണ്ട്. ദേശീയ അധ്യാപക അവാർഡ് ജേതാവ്, വെള്ളനാട് പഞ്ചായത്തിലെ മികച്ച കുടുംബ കർഷകൻ എന്നീ പുരസ്കാരങ്ങൾക്ക് സത്യജോസ് അർഹനായിട്ടുണ്ട്. വെള്ളനാട് കൃഷി ഓഫീസർ ഉല്ലാസിൽ നിന്നും, ഗ്രാമപഞ്ചായത്തിൽനിന്നും കൃഷിക്കാവശ്യമായ എല്ലാ പിന്തുണയും ലഭ്യമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.