സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ: മന്ത്രി ജി.ആർ. അനിൽ
1548690
Wednesday, May 7, 2025 7:06 AM IST
നെടുമങ്ങാട്: ക്ഷേമ പെൻഷൻ, പട്ടയ വിതരണം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.
അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പേരുമല, ചെട്ടിയാർമുക്ക് ഗ്രാമത്തിന്റെ അടിസ്ഥാനവികസന പദ്ധതിയുടെ നിർമ്മാണോദ് ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി ജി.ആർ. അനിൽ.
അംബേദ്കർ ഗ്രാമവികസന പദ്ധതി 2023-24 വർഷത്തിൽ ഉൾപ്പെടുത്തിയാണ് പേരുമല, ചെട്ടിയാർമുക്ക് ഗ്രാമത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുക. അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതി ആവിഷ്കരിച്ചത്. ഒരു കോടി രൂപയാണ് നിർമ്മാണ ചെലവിനായി വകയിരുത്തിയിരിക്കുന്നത്.
പേരുമല ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ, നെടുമങ്ങാട് നഗരസഭ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ. അൻവർ, നിർമ്മിതി കേന്ദ്രം പ്രൊജക്റ്റ് മാനേജർ ശ്രീജ ജി.ആർ തുടങ്ങിയവർ പങ്കെടുത്തു.