പോക്സോ കേസ് പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും
1548969
Thursday, May 8, 2025 7:13 AM IST
കാട്ടാക്കട: 12 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 23 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടകംപള്ളി വെട്ടുകാട്, കൊച്ചു വേളി പൊഴിക്കാരയിൽ ടിസി 80/52 പുതുവൽ വീട്ടിൽ രതീഷ് എന്ന ശേഖരനെ(42)യാണ് കാട്ടാക്കട അതിവേഗ പോക് സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ 13 മാസം അധികം കഠിനതടവും അനുഭവിക്കണമെന്ന് വിധി ന്യായത്തിൽ പറയുന്നു.
തുക ആപര്യപ്തമായി കണ്ടാൽ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി ഇരയായ ആൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി.
പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ വലിയതുറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന ജി.എസ്. രതീഷ്, വി അശോക് കുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.
പോക്സോ കേസിൽ അറസ്റ്റിലായി
നെടുമങ്ങാട്: വളർത്തുമകളെ പീഡിപ്പിച്ചയാളെ ആര്യനാട് പോലീസ് അറസ്റ്റു ചെയ്തു. ഫെയ്സ്ബുക്കു വഴി പരിചയപ്പെട്ടു മടത്തറ എന്ന സ്ഥലത്തു നിന്നും കൂട്ടിക്കൊണ്ടു വന്നു കൂടെ താമസിപ്പിച്ചിരുന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് യുവാവിനെ ആര്യനാട് പോലീസ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഡിമാൻഡ് ചെയ്തു.