ജാഗ്രതയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : സുരക്ഷയും ശക്തമാക്കി
1549235
Friday, May 9, 2025 7:19 AM IST
വിഴിഞ്ഞം: ജാഗ്രതാ നിർദേശത്തിനിടയിലും തടസങ്ങളില്ലാതെ പ്രവർത്തനം തുടർന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കപ്പലുകളുടെ വരവിനെയും കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിന്റെയും വലിയ തിരക്കിലാണ് തുറമുഖം.
ഇന്നലെ വരെ അടുത്ത 294 കപ്പലുകളിൽ നിന്നായി 6.15 ലക്ഷം കണ്ടെയ്നറുകളും കൈകാര്യം ചെയ്തു. തുറമുഖം യാഥാർഥ്യമായതോടെ ഇന്ത്യയുടെ തന്ത്ര പ്രധാന മേഖലകളിൽ ഒന്നായി മാറിയ വിഴിഞ്ഞത്തിന്റെ സുരക്ഷയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വർധിപ്പിച്ചു. കേന്ദ്ര സേനയുടെ സേവനമില്ലാത്തതിനാൽ തുറമുഖ സെക്യൂരിറ്റി ജീവനക്കാരെക്കൊണ്ടു സുരക്ഷ കൂടുതൽ ശക്തമാക്കി. തുറമുഖത്തിനുള്ളിൽ സെക്യൂരിറ്റിക്കാരും പുറത്തു ക്യാമ്പിൽ നിന്നുള്ളപോലീസുകാരും സുരക്ഷക്കായി രംഗത്തുണ്ട്.
പുറമേ നിന്നുള്ളവരുടെ സന്ദർശനം പൂർണമായി നിർത്തലാക്കി. ജീവനക്കാരെയും കർശന നിരീക്ഷണത്തിനു ശേഷമാണ് കടത്തിവിടുന്നത്. അദാനിയുടെ ടഗ്ഗിൽ സെക്യൂരിറ്റി ജീവനക്കാർക്കൊപ്പം തീരദേശ പോലീസും സുരക്ഷയൊരുക്കാൻ രംഗത്തുണ്ട്.
കൂടാതെ കടലിലെ ഏതു സാഹചര്യവും നേരിടാൻ തയാറെടുത്തു തീര സംരക്ഷണസേന, അവധിയിൽപോയ സേനാംഗങ്ങളെ തിരിച്ച് വിളിച്ചു പൂർണമായ അംഗ സംഖ്യ നിലനിർത്തി. ഇനിയൊരറിയിപ്പ് വരുന്നതുവരെ ആർക്കും അവധി അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു. സൈനികർക്ക് റെ ഡ് അലർട്ടും നൽകിയിട്ടുണ്ട്. കൂറ്റൻ യുദ്ധക്കപ്പലായ അനഘ് ഉൾപ്പെടെ വിഴിഞ്ഞത്തെ പട കപ്പലുകളുടെ പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ അധികാരപരിധിയായ തീരത്തുനിന്ന് 22 നോട്ടിക്കൽ ഉൾക്കടൽ വരെ നിരീക്ഷണം തുടരുന്നതായും അധികൃതർ അറിയിച്ചു. റഡാറിന്റെ സഹായത്തോടെ എല്ലാത്തരം കടൽ യാനങ്ങളെയും തീര സംരക്ഷണ സേന നിരീക്ഷിക്കുന്നുണ്ട്. നേവിയുടെ കൂറ്റൻ പടക്കപ്പലുകളുടെ ഉൾക്കടൽ അരിച്ചുപെറുക്കലും തുടരുന്നതായി അധികൃതർ അറിയിച്ചു.
കൂടാതെ കോവളം, വിഴിഞ്ഞം മേഖലയിൽ വരുന്ന പ്രധാന സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടലിനുപരി കരയും അധികൃതർ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്. സംശയകരമായി കാണുന്നവരെ ചോദ്യം ചെയ്യാൻ പോലീസും രംഗത്തിറങ്ങി.