കുരിശിന്റെ വഴിക്ക് സാഹോദര്യത്തിന്റെ വരവേല്‍പ്പ് നല്കി ക്ഷേത്രക്കമ്മിറ്റി
1543946
Sunday, April 20, 2025 6:02 AM IST
പാറശാല: ദുഃഖവെള്ളിയാഴ്ചയില്‍ ആറയൂര്‍ സെന്റ് എലിസബത്ത് ചർച്ചും പോരന്നൂര്‍ സെന്റ് മേരീസ് ചര്‍ച്ചും സംയുക്തമായി സംഘടിപ്പിച്ച കുരിശിന്റെ വഴി യാത്രയില്‍ പങ്കെടുത്ത ആയിരത്തി അഞ്ഞൂറോളം ഭക്തരെ പ്ലാമൂട്ടുക്കട കൊച്ചു ഭഗവതി ക്ഷേത്രം ട്രസ്റ്റ് സ്വീകരിച്ചു. ക്രൈസ്തവ സഹോദരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും യാത്രയില്‍ പങ്കെടുത്ത എല്ലാപേര്‍ക്കും ദാഹജലവും ബിസ്ക്കറ്റും നല്‍കുകയും ചെയ്തു.
ആറയൂര്‍ എലിസബത്ത് ചർച്ച് ഇടവക വികാരി മോണ്‍. വി.പി. ജോസിനെ ക്ഷേത്രയോഗം പ്രസിഡന്റ് എസ്. രാധാകൃഷ്ണന് പൊന്നാട അണിയിച്ച് ആദരിച്ചു. സ്വീകരണ പരിപാടിക്ക് ക്ഷേത്രയോഗം ജനറല്‍ സെക്രട്ടറി പി.എസ്. മേഘവര്ണ്ണന് ഉള്‍പ്പെടുന്ന കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്കി. സര്വമതവിശ്വാസികളെയും സ്വാഗതം ചെയ്തുകൊണ്ട് ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് ഇതിനകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു.