രണ്ടാം ഘട്ടത്തില്‍ തീര്‍ഥാടക പ്രവാഹം : തെക്കന്‍ കുരിശുമല തീര്‍ഥാടനം സമാപിച്ചു
1543945
Sunday, April 20, 2025 6:02 AM IST
വെള്ളറട: രാജ്യാന്തര തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല 68-ാമത് തീര്‍ഥാടനത്തിന്റെ രണ്ടാം ഘട്ടം സമാപിച്ചു. ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച തീര്‍ഥാടകരുടെ പ്രവാഹം പെസഹാ വ്യാഴം, ദുഃഖവെളളി രാത്രിയിലും ഇടതടവില്ലാതെ തുടര്‍ന്നു.
വെള്ളിയാഴ്ച രാത്രിമുഴുവന്‍ ലൈറ്റും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നത് തീര്‍ഥാടകര്‍ക്ക് വലിയ ആശ്വാസമായി. തെക്കന്‍ കുരിശുമല തീര്‍ഥാടന ചരിത്രത്തിലെ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാന്‍ കേരള തമിഴ്നാട് പോലീസും വോളന്റിയർമാരും നന്നേ പാടുപ്പെട്ടു.
വിശുദ്ധ കുരിശ് സ്നേഹ ഹൃദയ സ്പന്ദനം എന്നതായിരുന്നു ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം. ദുഃഖവെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സംഗമ വേദിയില്‍ ദിവ്യകാരുണ്യ ആരാധനയും പീഢാനുഭവ ധ്യാനശുശ്രൂഷയും നടന്നു. ഫാ. ഹെന്സിലിന് ഒസിഡി നേതൃത്വം നല്കി. സന്തോഷ് പരശുവയ്ക്കല്‍ ഗാനശുശ്രൂഷ നടത്തി. ഉച്ചയ്ക്ക് രണ്ടിനു കുരിശുമല വിശുദ്ധ പത്താം പീയൂസ് പള്ളിയിലെ വിശ്വാസികൾ നേതൃത്വം നല്കിയ കുരിശിന്റെ വഴി നടന്നു.
മൂന്നിനു സംഗമവേദിയില്‍ കര്‍ത്താവിന്റെ പീഢാസഹനാനുസ്മരണ ശുശ്രൂഷയും നടന്നു. നെയ്യാറ്റിന്‍കര രൂപത വികാരി ജനറാൾ മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ. ഹെന്സിലിന് ഒസിഡി സഹകാര്‍മികനായിരുന്നു.
ഡിവൈന്‍ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. തീര്‍ഥാടന കമ്മിറ്റി ചടങ്ങുകള്‍ക്കു നേതൃത്വം നല്കി. ഇന്നലെ വൈകുന്നേരം ആറിനു സംഗമ വേദിയില്‍ പെസഹാ ജാഗരാനുഷ്ഠാനവും ഉത്ഥാന മഹോത്സവവും നടക്കും. ഇന്നു പകല്‍ സമയതീര്ഥാടനത്തിനു സൗകര്യമുണ്ടായിരിക്കും.