ആശുപത്രിയിലെത്തിക്കാൻ വൈകി ; രോഗി മരിച്ചു
1543684
Saturday, April 19, 2025 10:09 PM IST
വെള്ളറട : വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. വെള്ളറട സ്വദേശിനി ആന്‍സി (52) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ ആന്‍സിയുടെ നില വഷളാവുകയായിരുന്നു.
പ്ലേറ്റ് ലെറ്റ് താഴ്ന്ന് ഗുരുതരാവസ്ഥയിലായ രോഗിയെ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കോ ജനറല്‍ ആശുപത്രിയിലേക്കോ മാറ്റണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആന്‍സിയെ വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും അവിടെയുള്ള ഡോക്ടര്‍മാർ പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അടിയന്തരമായി റഫർ ചെയ്യുകയായിരുന്നു.
ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ഉറപ്പാക്കണം എന്നിരിക്കെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും 108 സേവനം ഉറപ്പാക്കാന്‍ ശ്രമിച്ചെങ്കിലും സ്പെഷല്‍ ഡ്യൂട്ടിയുടെ കാരണത്താല്‍ ആംബുലന്‍സ് വിട്ടുനൽകാന്‍ കഴിയില്ലെന്ന് സന്ദേശം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഏറെ സമയങ്ങള്‍ക്ക് ശേഷം സാധാരണ ആംബുലന്‍സ് വിളിച്ച് വരുത്തി വെള്ളറട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹായത്താല്‍ നല്കിയ ഓക്സിജനും രോഗിക്ക് നല്കി.
രോഗിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അമരവിളിയില്‍ വച്ച് സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.