നവീകരണം നിലച്ചിട്ട് 10 വർഷങ്ങൾ; കൈപ്പിരിക്കോണം കുളം കാടുകയറി
1466642
Tuesday, November 5, 2024 2:31 AM IST
പേരൂർക്കട: 10 വർഷങ്ങൾക്കു മുമ്പ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിനുശേഷം അധികൃതർ തിരിഞ്ഞു നോക്കാതായതോടെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പിടിപി നഗർ വാർഡിൽ ഉൾപ്പെടുന്ന കെെപ്പിരിക്കോണം കുളം കാടുകയറിയ നിലയിൽ.
ചതുരാകൃതിയിലുള്ള കുളത്തോടനുബന്ധിച്ച് ഒരു സ്റ്റേഡിയവും പാർക്കും പ്രവർത്തിക്കുന്നുണ്ട്. കുളത്തിലെ വെള്ളം ശുദ്ധീകരിച്ചശേഷം ഇൻറർലോക്ക് ടൈലുകൾ സ്ഥാപിക്കുകയും വയോധികർക്കായി ഇരിപ്പിടങ്ങൾ സ്ഥാപിക്കുകയും തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ നവീകരണം നിലച്ചതോടെ പൊതുജനങ്ങളും ഇവിടേക്ക് എത്തിനോക്കാതെയായി. നിലവിൽ കുളത്തിലെ വെള്ളം പായൽ മൂടിയ അവസ്ഥയിലാണ്. ഇന്റർലോക്ക് ടൈലുകൾ ഇടിഞ്ഞു പൊളിഞ്ഞു. തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. കുളത്തിന്റെ നാലുവശവും പാഴ്ചെടികൾ പടർന്നു പന്തലിച്ചു കഴിഞ്ഞു. പാർക്കിലെ കളിക്കോപ്പുകൾ തുരുമ്പെടുത്തു കിടക്കുകയാണ്. സ്റ്റേഡിയം വേണ്ടുന്ന രീതിയിൽ സംരക്ഷിക്കാത്തതിനാൽ അതും നാശോന്മുഖമായി കിടക്കുകയാണ്. പരിസരമാകെ കാടുകയറിയതിനാൽ പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്നും നാട്ടുകാർ ആരോപി ക്കുന്നു. കൊതുകുശല്യവും രൂക്ഷമായിരിക്കുകയാണ്.
25 ലക്ഷം രൂപയെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കുളത്തിന്റെ നവീകരണം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. തിരുവനന്തപുരം നഗരസഭ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണം എന്നാണ് പ്രദേശവാസികളുടെ പരാതി. തേപ്പിക്കോണം കുളം ശുചീകരിച്ച് സംരക്ഷിക്കുന്നതിന് അധികൃതർ അടിയന്തരം നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.