ഗുരുജ്യോതി അധ്യാപക പുരസ്കാര വിതരണം 23ന്
1601570
Tuesday, October 21, 2025 6:34 AM IST
നേമം: സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാഭ്യാസ ഓൺലൈൻ ചാനലായ പള്ളിക്കുടം ടിവിയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മികച്ച അധ്യാപകർക്ക് നൽകി വരുന്ന ഗുരുജ്യോതി പുരസ്കാരത്തിന്റെ സമർപ്പണം 23നു നടക്കും.
പ്രസ് ക്ലബിനു സമീപമുള്ള ജോയിന്റ് കൗൺസിൽ ഹാളിൽ ഉച്ചയ്ക്കു മൂന്നി നടക്കുന്ന അവാർഡു ദാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ഡയറക്ടർ ഡോ. ജിതേഷ്ജി അധ്യക്ഷത വഹിക്കും. ട്രസ്റ്റ് ചെയർമാൻ എൽ. സുഗതൻ സ്വാഗതം പറയും. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി അധ്യാപകരുമായി സംവദിക്കും. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ എൻ.എസ്.കെ ഉമേഷ് മുഖ്യപ്രഭാഷണം നടത്തും.
ചലച്ചിത്ര അക്കാദമി ചെയർമാനും ചലച്ചിത്ര നടനും എഴുത്തുകാരനും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ബ്രാൻഡ് അംബാസിഡറുമായ പ്രേംകുമാർ, എസ്സിആർടി ഡയറക്ടർ ആർ.കെ. ജയപ്രകാശ്, എസ്ഐടി ഡയറക്ടർ ബി. അബുരാജ് തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാനത്തെ എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് തലങ്ങളിലെ 24 അധ്യാപകർക്കാണ് പുരസ്കാരം നൽകുന്നത്. മൂന്ന് അധ്യാപകർക്ക് സ്പെഷൽ ജ്യൂറി അവാർഡും നൽകും. സംസ്ഥാനത്തെ ഏറ്റവും മികച്ച സ്കൂളിനുള്ള ഈ വർഷത്തെ അക്ഷര ജ്യോതി അവാർഡ് മലപ്പുറം എടരിക്കോട് പികെഎംഎം എച്ച്എസ്എസ് ഏറ്റുവാങ്ങും. 10,001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. മികച്ച ശിശുക്ഷേമ സമിതിക്കുള്ള പ്രഥമ അക്ഷയജ്യോതി പുരസ്കാരം കൊല്ലം ജില്ലാ ശിശുക്ഷേമ സമിതിക്കു സമ്മാനിക്കും.