രാഷ്ട്രപതിയുടെ സന്ദര്‍ശനം: നഗരത്തില്‍ ഗതാഗത നിയന്ത്രണം
1601573
Tuesday, October 21, 2025 6:34 AM IST
തിരുവനന്തപുരം: നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നു കേരളത്തിലെത്തുന്നതിനെതുടര്ന്നു തിരുവനന്തപുരത്ത് ഇന്നും നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി എട്ടു വരെയും നാളെ രാവിലെ ആറു മുതല്‍ രാത്രി 10 വരെയും മറ്റന്നാള്‍ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുമാണ് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് നഗരത്തിലെ റോഡുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടു വരെ ശംഖുംമുഖം ആള്‍സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന് സ്ക്വയര്‍, യുദ്ധസ്മാരകം, വെള്ളയമ്പലം, കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
നാളെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ശംഖുംമുഖം, ആള് സെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂര്‍, ജനറല്‍ ആശുപത്രി, ആശാന് സ്ക്വയര്‍, വിജെടി ഹാള്‍, യുദ്ധസ്മാരകം, മ്യൂസിയം, വെള്ളയമ്പലം, കവടിയാര്‍ റോഡിന്റെ ഇരുവശങ്ങളിലും, വൈകുന്നേരം നാലു മുതല്‍ രാത്രി 10 വരെ കവടിയാര്‍, വെള്ളയമ്പലം, ആല്‍ത്തറ, ശ്രീമൂലം ക്ലബ്, വഴുതക്കാട്, വിമന്‍സ് കോളജ്, ജംഗ്ഷന്, മേട്ടുക്കട വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
മറ്റന്നാള്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12.30 വരെ കവടിയാര്‍, വെള്ളയമ്പലം, മ്യൂസിയം, പാളയം, വിജെടി, ആശാന് സ്ക്വയര്‍, ജനറല്‍ ആശുപത്രി, പാറ്റൂര്‍, പള്ളിമുക്ക്, പേട്ട, ചാക്ക, ആള്സെയിനന്റ്സ്, ശംഖുംമുഖം റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല.
ഇന്നും നാളെയും മറ്റന്നാളും ശംഖമുഖം, പൊന്നറ, കല്ലുംമൂട്, ഈഞ്ചയ്ക്കല്‍, അനന്തപുരി ആശുപത്രി, ഈഞ്ചയ്ക്കല്‍, മിത്രാനന്ദപുരം, എസ്പി ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, തകരപ്പറമ്പ്, മേല്‍പ്പാലം, ചൂരക്കാട്ടുപാളയം, തമ്പാനൂര്‍ ഫ്ളൈഓവര്‍, തൈക്കാട്, വഴുതയ്ക്കാട്, വെള്ളയമ്പലം റോഡിലും നാളെ വെള്ളയമ്പലം, മ്യൂസിയം, കോര്പ്പറേഷന് ഓഫീസ്, രക്തസാക്ഷി മണ്ഡപം, ബേക്കറി ജംഗ്ഷന്, വിമന്‍സ് കോളജ് റോഡിലും മറ്റന്നാള്‍ വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, ആക്കുളം, കുഴിവിള, ഇന്‍ഫോസിസ്, കഴക്കൂട്ടം, വെട്ടുറോഡ് റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റൂട്ട് സമയത്ത് പ്രധാന റോഡില്‍ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിനു നിയന്ത്രണമേര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കു വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണം. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്കു പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം, ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റര്‍നാഷണല്‍ ടെര്മിനലിലേക്കു പോകുന്ന യാത്രക്കാര്‍ വെണ്‍പാലവട്ടം ചാക്ക ഫ്ളൈ ഓവര്‍, ഈഞ്ചക്കല്‍, കല്ലുംമ്മൂട്, അനന്തപുരി ആശുപത്രി സര്‍വീസ് റോഡ് വഴിയും യാത്രകൾ ക്രമീകരിക്കേണ്ടതുമാണ്.
സ്കൂൾ കായിക മേള: നഗരത്തിൽ 28 വരെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള നടക്കുന്നതിനാൽ നഗരത്തിൽ ഇന്നു മുതൽ 28 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുത്തരിക്കണ്ടം മൈതാനത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയിലേക്കു വരുന്ന വാഹനങ്ങൾ കുട്ടികളെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ടിലോ ഐരാണിമുട്ടം ഹോമിയോ ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.
കായികവേദികളിലേയ്ക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ ഇറക്കിയ ശേഷം അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ നിർത്തിയിടേണ്ടതാണ്. പ്രധാനറോഡുകളിലോ ഇടറോഡുകളിലോ ഗതാഗത തടസം സൃഷ്ടിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.