വെള്ളക്കെട്ടും ബലക്ഷയവും : കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ കോൺക്രീറ്റ് പാളി ഇളകിവീണു
1601881
Wednesday, October 22, 2025 7:04 AM IST
പേരൂർക്കട: ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടും ബലക്ഷയവുംമൂലം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ കോൺക്രീറ്റ് പാളി ഇളകിവീണു. കളക്ടറേറ്റ് കെട്ടിടത്തിലെ ഒന്നാം നിലയുടെ താഴത്തെ ഭാഗത്തെ കോൺക്രീറ്റ് പാളിയാണ് ഇളകി വീണത്. രണ്ടു ദിവസങ്ങൾക്ക് മുമ്പാണ് പാളി ഇളകി കളക്ടറേറ്റിലെ പ്രവേശന കവാടത്തിനു സമീപത്തേക്ക് വീണത്.
അതേസമയം രണ്ടുമൂന്നു പാളികൾ പകൽ സമയത്ത് ഇളകിവീണുവെന്നും ആരുടെയും തലയിലേക്ക് പതിച്ചിട്ടില്ലെന്നും കളക്ടറേറ്റിലെ ജീവനക്കാർ അറിയിച്ചു. അതിശക്തമായ മഴമൂലം കെട്ടിടത്തിന്റെ ഇടനാഴിയിൽ വെള്ളം കെട്ടി നിന്നതും കൃത്യമായ അറ്റകുറ്റപ്പണി ഉണ്ടാകാത്തതുമാണ് ബലക്ഷയത്തിനും കോൺക്രീറ്റ് പാളി ഇളകിവീഴുന്നതിനും കാരണമായത്.
കളക്ടറേറ്റിന്റെ പ്രവേശന കവാടത്തിനു സമീപം പുതുതായി നിർമിക്കുന്ന സെക്യൂരിറ്റി കാബിനു സമീപമാണു പാളികൾ വീണത്. ഇതിൽ ചിലത് കളക്ടറേറ്റ് പ്രവേശന കവാടത്തിനു സമീപത്തെ വാതിലിനടുത്തേക്കും വീണു. പാളി ഇളകിപ്പോയ ഭാഗത്ത് കോൺക്രീറ്റ് കമ്പി പുറത്തേക്ക് കാണുന്ന വിധത്തിലായി നിൽക്കുകയാണ്.
രണ്ടുദിവസമായി പെയ്ത ശക്തമായ മഴയിൽ സിവിൽ സ്റ്റേഷന്റെ പല ഭാഗങ്ങളിലും ബലക്ഷയവും ചോർച്ചയും കണ്ടെത്താൻ സാധിച്ചു. ചിലയിടങ്ങളിൽ ചെടികളും വൃക്ഷത്തലപ്പുകളും വളർന്നുനിൽക്കുന്നതും കാണാം. സിവിൽ സ്റ്റേഷൻ കെട്ടിടത്തിലൂടെ കടന്നു പോകുന്ന കുടിവെള്ള പൈപ്പുകളും മഴവെള്ളം താഴേക്ക് ഒലിച്ചു വരുന്നതിന് നിർമിച്ചിട്ടുള്ള പിവിസി പൈപ്പുകളും ചേരുന്ന ഭാഗങ്ങളിൽ വ്യാപകമായി പായൽ മൂടിയതായും കണ്ടെത്തിയിട്ടുണ്ട്.
സിവിൽ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയിട്ട് 15 വർഷത്തിലേറെയായി. വളരെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ ചോർച്ചയും ബലക്ഷയവും പായൽ മൂടലും ഉണ്ടായ സ്ഥിതിക്ക് അറ്റകുറ്റപ്പണി നടത്തേണ്ടുന്നത് അനിവാര്യമായിരിക്കുകയാണ്.