"വിൻസന്റ് ഗോമസി'ന്റെ നന്പർ 2255 ഇനി ഗ്രേസിനു സ്വന്തം
1601854
Wednesday, October 22, 2025 6:54 AM IST
കാട്ടാക്കട: രാജാവിന്റെ മകൻ സിനിമയിലെ മോഹൻലാൽ കഥാപാത്രമായ വിൻസന്റ് ഗോമസിന്റെ ഫോൺ നമ്പർ 2255 ഇനി കാട്ടാക്കടയ്ക്ക് സ്വന്തം. കാട്ടാക്കട മലയിൻകീഴ് മലയം ഗ്ലോറിയസ് വില്ലയിൽ കിംഗ് ജെ.സി. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർ ഗ്രേസാണ് തന്റെ ഇഷ്ട നമ്പർ സ്വന്തമാക്കിയത്.
ഇരട്ട മക്കളായ ജെറമിയ, ഗ്ലോറിയ എന്നിവരുടെ അഞ്ചാം പിറന്നാൾ ദിനത്തിലാണു കാരയ്ക്കാമണ്ഡപം പോപ്പുലർ ഹ്യൂണ്ടായി ഷോറൂമിൽനിന്നും ഇഷ്ട നമ്പർവച്ച ഹ്യുണ്ടായി ഐ 10 പുറത്തിറക്കിയത്. കാട്ടാക്കട മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുകയ്ക്ക് നന്പർ ലേലം നടന്നത്. 4,38,000 രൂപയാണ് ഇഷ്ട നന്പറിനായി ഗ്രേസ് ചെലവഴിച്ചത്.
നേരത്തെ ഇഷ്ടനന്പറിനായി 60000 രൂപ വരെ ലേലം നടന്നിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മലയം ദൈവ സഭ സുവിശേഷകനും വ്യവസായിയുമായ ജെറിൻ ചെരുവിളയുടെ ഭാര്യയാണ് ഗ്രേസ്. മക്കൾക്കും കൂടിയുള്ള ജന്മദിന സമ്മാനമായിട്ടാണ് യാദൃശ്ചികമായി ഇന്നത്തെ ദിവസം തന്നെ വാഹനം ഇറക്കാൻ കഴിഞ്ഞതെന്നും ഇരുവരും പറഞ്ഞു.