മുൻ രാഷ്ട്രപതി വി.വി. ഗിരിയെ ശബരിമലയിൽ എത്തിച്ച ഓർമയുമായി കൃഷ്ണൻകുട്ടി
1601856
Wednesday, October 22, 2025 6:54 AM IST
കോട്ടൂർ സുനിൽ
പേയാട്: രാഷ്ട്രപതിയുടെ ശബരിമല സന്ദർശന വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈസമയത്ത് മുൻ പ്രസിഡന്റ് വി.വി. ഗിരിയുടെ മലകയറ്റവും ഇപ്പോൾ ശ്രദ്ധനേടുകയാണ്. പഴയ രാഷ്ട്രപതിയെ കസേരയിൽ ചുമന്നു മലയിലെത്തിച്ച ആൾ ദേ ഇവിടെയുണ്ട്. പേയാട് കാട്ടുവിള സ്വദേശി കൃഷ്ണൻകുട്ടി (81)യാണ് ആ ആൾ...
1973 ഏപ്രിൽ 10നാണ് വി.വി. ഗിരി ശബരിമലയിൽ എത്തിയത്. അന്നു മലകയറണമെങ്കിൽ ഒന്നുകിൽ നടക്കണം. അല്ലെങ്കിൽ ഡോളിയിൽ കേറണം. അങ്ങിനെയാണ് കൃഷ്ണൻകുട്ടിക്ക് ഡോളി ചുമക്കാനായത്. ഒരു ചൂരൽ കസേരയിലാണ് കൃഷ്ണൻകുട്ടിയും മറ്റു മൂന്നു പേരും ചേർന്നു വി.വി. ഗിരിയെ മലകയറ്റി യത്. രാവിലെ തുടങ്ങിയ യാത്രയ്ക്കു പോലീസും അംഗരക്ഷകരും അകന്പടിയായി.
അന്നു കൃഷ്ണൻകുട്ടി ദേവസ്വം ബോർഡിലെ ഡോളി ചുമക്കുന്നയാളായിരുന്നു. ദേവസ്വം അധികൃതർ ഇവരെ ഇതിനായി ചുമതലപ്പെടുത്തി. രാജ്യത്തെ പ്രധാന പൗരൻ ആണെന്നതും സുപ്രധാന വ്യക്തിയാണെന്നതും ഇവരെ കൂടുതൽ കരുത്തുറ്റതാക്കി. എന്നാൽ ലവലേശം പോലും ഭയമില്ലാതിരുന്നുവെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മരകൂട്ടത്ത് ഇറങ്ങിയ ഇദ്ദേഹം അൽപ്പസമയം വിശ്രമിച്ചു. ഭക്ഷണവും കഴിച്ചു.
തുടർന്ന് സന്നിധാനത്തെത്തി ശബരീശനെ തൊഴുതു. ഉച്ചയ്ക്ക് ശേഷമാണ് വി.വി. ഗിരി തിരികെ ഡോളിയിൽതന്നെ താഴെയിറങ്ങിയത്. തന്റെ സന്ദർശത്തിൽ അദ്ദേഹം ബന്ധപ്പെട്ടവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. തനിക്ക് ഇതൊരു അപൂർവ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായും കൃഷ്ണൻകുട്ടി പറഞ്ഞു. തിരികെ ഇറങ്ങി പമ്പയിൽ എത്തിയപാടെ തങ്ങൾ നാലു പേരെയും പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തതായും കൃഷ്ണൻകുട്ടി ഓർത്തെടുത്തു.
പിന്നീട് ഡൽഹിയിൽ എത്തിയശേഷം ഈ നാല് പേർക്കും ജോലി നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ മറ്റു മൂന്ന് പേർക്കും ജോലി ലഭിച്ചെങ്കിലും കൃഷ്ൻകുട്ടിക്ക് ലഭിച്ചില്ല. ജോലി വിവരങ്ങൾക്കായി പോലീസ് നാട്ടിലെത്തി അന്വേഷിച്ചപ്പോൾ നാട്ടുകാരിൽ പലരും അങ്ങനെയൊരു ആളെ അറിയില്ലെന്ന ഉത്തരമാണ് നൽകിയതത്രേ.
കഴിഞ്ഞ 30 വർഷത്തോളം കൃഷ്ണൻകുട്ടി ശബരിമലയിൽ ഡോളിയായി ജോലിയെടുത്തിരുന്നു. പ്രായം കവിഞ്ഞതോടെ അതിൽ നിന്നും വിടപറഞ്ഞു നാട്ടിലെത്തുകയായിരുന്നു. ഇപ്പോൾ പോയാട്ടെ ഒരു വില്ലാ പ്രോജക്ടിലെ സെക്യൂരിറ്റിയാണ് കൃഷ്ണേട്ടൻ. അന്ന് നഷ്ടപ്പെട്ട ജോലിയിൽ നിരാശയില്ല. പക്ഷേ ഒരു കൂരയിൽ ജീവിതം തള്ളി നീക്കുകയാണ് ഇദ്ദേഹം.
പ്രായം കൂടുന്നതോടെ ഇനി അതിനും കഴിയാതെ വരുമെന്ന ആശങ്കയും കൃഷ്ണ നേട്ടനുണ്ട്. ഇനി കനിയേണ്ടത് ദേവസ്വം ബോർഡാണ്. അവർ എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുമെന്ന വിശ്വാസമാണു കൃഷ്ണൻകുട്ടിക്കും ഭാര്യക്കുമുള്ളത്.