കനത്ത മഴയിൽ കള്ളിക്കാട് ജംഗ്ഷൻ വെള്ളത്തിലായി; പലയിടത്തും നാശനഷ്ടം
1601324
Monday, October 20, 2025 7:01 AM IST
കള്ളിക്കാട് : കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത മഴയിൽ കള്ളിക്കാട് ജംഗ്ഷൻ വെള്ളത്തിലായി. പലയിടത്തും നാശനഷ്ടമുണ്ടായി. മലയോര ഹൈവ കടന്നുപോകുന്ന സ്ഥലമാണ് കള്ളിക്കാട് ജംഗ്ഷൻ. ഇവിടെയാണ് മണിക്കൂറുകളോളം വെള്ളം കെട്ടി നിന്നത്. വാഹനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം കയറി.
പഞ്ചായത്തിലെ പല ഭാഗത്തും നാശനഷ്ടമുണ്ട്. തുറന്ന ജയിൽ അനക്സ് ഭാഗത്തെ റോഡിൽ മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. വാഴിച്ചൽ, പേരെക്കോണം, വാവോട്, മൈലക്കര, പന്ത , മരകുന്നം എന്നിവിടങ്ങളിലും മരങ്ങൾ കടപുഴകി വീണു. തോട് കരകവിഞ്ഞതോടെ വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. നെയ്യാർഡാമിലും നല്ല നീരൊഴുക്കാണ്.
ഡാം തുറന്നുവിട്ടതിനാൽ വെള്ളപ്പൊക്ക ഭീഷണിയില്ല. കുറ്റിച്ചൽ പരുത്തിപ്പള്ളി ഭാഗത്തെ ശാസ്താക്ഷേത്രത്തിൽ വെള്ളം കയറി. ചപ്പാത്ത്, ഉത്തരം കോട്, മലവിള, തച്ചൻകോട് തുടങ്ങിയ ഇടങ്ങളിലും നാശമുണ്ടായി. കാര്യോട്, കുമ്പിൾമൂട് തോട് നിറഞ്ഞുകവിഞ്ഞു. ഇരുകരകളിലെയും കൃഷിയിടങ്ങൾക്ക് നാശം സംഭവിച്ചു. കാപ്പുകാട് ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മൈലക്കരയിൽ വാഴതോപ്പുകളിൽ വെള്ളം കയറിയതോടെ വൻ നാശനഷ്ടവും സംഭവിച്ചു.