ഡിജെ പാർട്ടിക്കിടെ കൂട്ടത്തല്ല്: പോലീസ് സ്വമേധയാ കേസെടുത്തു
1601849
Wednesday, October 22, 2025 6:54 AM IST
പരിക്കേറ്റവർ പോലീസിൽ പരാതി നൽകിയില്ല
തിരുവനന്തപുരം: നഗരമധ്യത്തിലെ ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിലടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. ഹോട്ടലിനുള്ളിൽവച്ചും ഹോട്ടലിനു മുന്നിലെ റോഡിലും ചേരിതിരിഞ്ഞ് കൂട്ടത്തല്ല് നടന്നിട്ടും പരിക്കേറ്റവരാരും പോലീസിൽ പരാതി നൽകിയിരുന്നില്ല. അതിനാൽ പോലീസ് കേസെടുത്തിരുന്നുമില്ല. എന്നാൽ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ഇന്നലെ കന്റോണ്മെന്റ് പോലീസ് സ്വമേധയാ കേസെടുത്തത്.
പൊതുസ്ഥലത്ത് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചതിനാണ് കേസെടുത്തത്. പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന ഡിജെ പാർട്ടിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. ഗുണ്ടാ ബന്ധമുള്ളവരാണ് ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതെന്നും കൂട്ടത്തല്ലിൽ കലാശിച്ച കഴിഞ്ഞ ദിവസത്തെ പാർട്ടിയിൽ ലഹരിക്കേസ്, വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം.
പാർട്ടിക്കിടയിൽ രണ്ടു കോളജ് വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനു പിന്നാലെ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നെന്നാണു വിവരം. പാർട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ കോളജ് വിദ്യാർഥികളെ തൊട്ടുപിന്നാലെ പുറത്താക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിക്കിടയിലും പാർട്ടി അവസാനിച്ച ശേഷവും അടിപിടിക്കു കാരണമാവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.
സംഘട്ടനത്തിൽ പരിക്കേറ്റ യുവാക്കളിലൊരാൾ ജനറൽ ആശുപത്രിയിയിൽ ചികിത്സ തേടിയ ശേഷം പോലീസിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് കേസുമായി മുന്നോട്ടു പോകാനില്ലെന്നും ഇയാൾ പോലീസിനെ അറിയിച്ചിരുന്നു. ഹോട്ടൽ അധികൃതരോ, ഡിജെ പാർട്ടി സംഘടിപ്പിച്ചവരോ പോലീസിനു പരാതി നൽകിയിരുന്നില്ല. എന്നാൽ ഇന്നലെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ പോലീസ് കേസെടുക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ കന്റോണ്മെന്റ് പോലീസ് ഹോട്ടലിന് നോട്ടീസ് നൽകി. ഇത്തരം സംഭവങ്ങളുണ്ടായാൽ ഹോട്ടൽ അധികൃതർക്കെതിരേ കേസെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇനി മുതൽ ഡിജെ പാർട്ടി സംഘടിപ്പിക്കുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി പോലീസിനെ അറിയിക്കണമെന്നും ആവശ്യമെങ്കിൽ പോലീസ് പരിശോധന നടത്തുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.